India Kerala

കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു

2019–ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പുന്നപ്ര വയലാറി​​​ന് പശ്ചാത്തലത്തില്‍ കെ.വി. മോഹന്‍ കുമാര്‍ എഴുതിയ ‘ഉഷ്ണരാശി- കരപ്പുറത്തിന്റെ ഇതിഹാസം’ മികച്ച നോവലായി തെരഞ്ഞെടുക്കപ്പെട്ടു. വി.എം ഗിരിജയുടെ ‘ബുദ്ധപൂർണിമ​’ ആണ്​ മികച്ച കവിത. മികച്ച ചെറുകഥക്കുള്ള പുരസ്കാരം കെ.രേഖയുടെ ‘മാനാഞ്ചിറ’ നേടി. 25,000 രൂപയും സാക്ഷ്യ​പത്രവും ഫലകവുമാണ്​ പുരസ്​കാരം.

സ്‌കറിയ സക്കറിയ, നളിനി ബേക്കല്‍, ഒ.എം അനുജന്‍, എസ് രാജശേഖരന്‍, മണമ്പൂര്‍ രാജന്‍ ബാബു എന്നിവര്‍ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹരായി. മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകള്‍ അര്‍പ്പിച്ച അറുപത് വയസ് പിന്നിട്ട എഴുത്തുകാരെയാണ് സമഗ്രസംഭാവന പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.

എം.മുകുന്ദനും കെ.ജി ശങ്കരപ്പിള്ളയ്ക്കും സാഹിത്യ അക്കാദമിയുടെ വിശിഷ്ടാഗത്വം ലഭിച്ചു. അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വര്‍ണ്ണപതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

അടുത്ത മാസം ജനുവരി 20, 21 തിയതികളില്‍ അവാര്‍ഡ് വിതരണം ചെയ്യും.

വിവിധ ശാഖകളിലെ അക്കാദമി അവാർഡുകൾ (25,000 രൂപ)

രാജ്​മോഹൻ നീലേശ്വരം (നാടകം– ചുട്ടും കുറ്റും), പി.പി രവീന്ദ്രൻ (സാഹിത്യവിമർശനം–ആധുനികതയുടെ പിന്നാമ്പുറം), ഡോ. കെ.ബാബുജോസഫ്​, (വൈജ്ഞാനിക സാഹിത്യം–പദാർത്ഥം മുതൽ ദൈവകണം വരെ), മുനി നാരായാണ പ്രസാദ്​ (ജീവചരിത്രം/ ആത്മകഥ–ആത്​മായനം), ബൈജു എൻ.നായർ(യാത്രാവിവരണം–ലണ്ടനിലേക്ക്​ ഒരു റോഡ്​ യാത്ര), പി.പി.കെ പൊതുവാൾ (വിവർത്തനം–സ്വപ്​നങ്ങളുടെ വ്യാഖ്യാനം), എസ്.ആർ ലാൽ (ബാലസാഹിത്യം–കുഞ്ഞുണ്ണിയുടെ യാത്രാപുസ്​തകം), വി.കെ.കെ രമേശ്​(ഹാസസാഹിത്യം–ഹു ഈസ്​ അഫ്രൈഡ്​ ഓഫ്​ വി.കെ.എൻ).