Kerala

കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ചുമതല ഏറ്റെടുത്ത് സി.പി.എം

സ്ഥാനാർത്ഥിയെ അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്നാണ് എൻ.സി.പി നേതൃത്വം അറിയിച്ചത്.

കുട്ടനാട് സീറ്റ് എൻ.സി.പിക്ക് ആണെങ്കിലും ഉപതിരഞ്ഞെടുപ്പിന്റെ മൊത്തം ചുമതലയും സി.പി.എം ഏറ്റെടുത്തു. മുൻ എം.എൽ.എയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.ജെ. തോമസിന് മണ്ഡലത്തിന്റെ ചുമതല നൽകി. 13 പഞ്ചായത്തുകളിലെയും പ്രവർത്തനങ്ങളുടെ മേൽനോട്ടം ജില്ലാ സെക്രട്ടേറ്റയറ്റംഗങ്ങൾക്കാണ്.

സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള തർക്കം എൻ.സി.പിയിൽ തുടരുന്നുണ്ടെങ്കിലും മണ്ഡലം കൈവിടാതിരിക്കാനുള്ള പ്രവർത്തനത്തിലാണ് സി.പി.എം. കുട്ടനാട് മണ്ഡലത്തിന്റെ മൊത്തം ചുമതല സംസ്ഥാന സമിതി അംഗവും മുൻ കാഞ്ഞിരപ്പള്ളി എം.എൽ.എയുമായിരുന്ന കെ.ജെ തോമസിന് നൽകി.

ഇന്നലെ കെ.ജെ. തോമസിന്റെ അധ്യക്ഷതയിൽ കുട്ടനാട്ടിൽ ചേർന്ന യോഗത്തിൽ 13 പഞ്ചായത്തുകളുടെയും ചുമതല ജില്ലാ സെക്രട്ടേറിയറ്റംഗങ്ങൾക്കായി വീതിച്ചു. കൈനകരി പഞ്ചായത്തിന്റെ ചുമതല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാലിനും, നെടുമുടി മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജനും, തകഴി കെ.ടി. മഹീന്ദ്രനും, ചമ്പക്കുളം മനു സി പുളിക്കൽ എന്നിങ്ങനെയുമാണ്.

മണ്ഡലത്തെ 23 മേഖലകളായി വിഭജിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് തുടക്കമിടുന്നത്. മേഖല യോഗങ്ങൾ ഈ മാസം 19, 21, 23 ദിവസങ്ങളിലായി നടക്കും. അതേ സമയം സ്ഥാനാർത്ഥിയെ അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്നാണ് എൻ.സി.പി നേതൃത്വം അറിയിച്ചത്. തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസ്, എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി സലിം പി മാത്യു എന്നിവരാണ് പട്ടികയിലുള്ളത്.