Kerala

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ സംഭവം; അമിത വേഗതയാകാം അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

കുമളി അപകടത്തിൽ വാഹനത്തിന്റെ അമിത വേഗതയാകാം അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. മോട്ടോർ വാഹന വകുപ്പ് വാഹനം പരിശോധിച്ചു കഴിഞ്ഞു. ഇടുക്കി കുമളിക്ക് സമീപം ശബരിമല തീര്‍ത്ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേരാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. ഒരു കുട്ടി ഉള്‍പ്പെടെ പത്തു പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമാണ്.

ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് തേനി സ്വദേശികള്‍ സഞ്ചരിച്ച ടവേര കാര്‍ അപകടത്തില്‍പ്പെട്ടത്. തേനി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചവരില്‍ ഒരാളാണ് രാവിലെ മരിച്ചത്. ഇയാളുടെ നില ഗുരുതരമായിരുന്നു. കേരള, തമിഴ്‌നാട് പൊലീസും, ഫയര്‍ഫോഴ്‌സും, നാട്ടുകാരും ചേര്‍ന്നാണ് രണ്ടരമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഏഴുപേരുടെ മരണം സംഭവ സ്ഥലത്ത് വെച്ച് തന്നെയായിരുന്നു.

ഹെയര്‍ പിന്‍ വളവ് കയറിവരികയായിരുന്ന വാഹനം മരത്തിലിടിച്ചാണ് കൊക്കയിലേക്ക് മറിഞ്ഞത്. മരത്തില്‍ ഇടിച്ച ടവേര പെന്‍സ്റ്റോക്ക് പൈപ്പില്‍ തട്ടി താഴ്ചയിലേക്ക് മറിഞ്ഞെന്നാണ് നിഗമനം. അപകടത്തില്‍ വാഹനം പൂര്‍ണമായി തകര്‍ന്നു. കുമളിയിലെ ശബരിമല തീർത്ഥാടകരുടെ അപകടം ദുഃഖകരമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ഇടുക്കി കളക്ടർക്ക് ഏകോപന ചുമതല നൽകിയതായും മന്ത്രി അറിയിച്ചു.