India Kerala

ലോക്ക്ഡൗൺ; ഇന്നും നാളെയും കെഎസ്ആർടിസി കൂടുതൽ ദീർഘദൂര സർവീസുകൾ നടത്തും

സംസ്ഥാനത്ത് മെയ് 8 മുതൽ 16 വരെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്ആർടിസി ഇന്നും നാളെയും കൂടുതൽ ദീർഘദൂര സർവീസുകൾ നടത്തും. കർണാടക സർക്കാർ അനുവദിച്ചാൽ അവിടെ നിന്ന് സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്ന് സർവീസ് നടത്താനായി മൂന്ന് ബസുകളാണ് തയ്യാറാക്കിയിരിക്കുന്നത്.

ആശുപത്രി ജീവനക്കാർക്കും രോഗികൾക്കുമായി സർവീസ് നടത്താനും പ്രത്യേക കെഎസ്ആർടിസി ബസുകൾ തയ്യാറാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ടുമാർ അതാത് സ്ഥലങ്ങളിലെ യൂണിറ്റ് ഓഫീസർമാരുമായി ബന്ധപ്പെട്ടാൽ ആവശ്യമുള്ള സർവീസുകൾ നടത്തും. കെ എസ് ആർടിസി കൺട്രോൾ റൂമിൽ ബന്ധപ്പെട്ടാലും മതിയാവും.

മറ്റന്നാൾ മുതലാണ് ലോക്ക് ഡൗൺ. ഒൻപത് ദിവസം സംസ്ഥാനം അടച്ചിടും. മെയ് എട്ടിന് ആറ് മണി മുതൽ മെയ് 16 വരെയായിരിക്കും ലോക്ക് ഡൗൺ. സംസ്ഥാനത്തെ കൊവിഡ് കണക്കുകൾ ഏറി വരുന്നതിനിടെയാണ് തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അനാവശ്യമായി പുറത്തിറങ്ങിയാൽ കേസെടുക്കും. അവശ്യ സേവനങ്ങൾക്ക് മാത്രമാണ് അനുമതി.