India Kerala

കെ.എസ്.ആര്‍.ടി.സി വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേക്ക്

കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും സാമ്പത്തിക പ്രതിസന്ധി. കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് കമ്പനികള്‍ സ്‌പെയര്‍ പാര്‍ട്‌സ് വിതരണം നിര്‍ത്തി. അടിയന്തരമായി 100 കോടി ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി എം.ഡി സര്‍ക്കാരിന് കത്ത് നല്‍കി. കത്തിന്റെ പകര്‍പ്പ് മീഡിയ വണ്ണിന് ലഭിച്ചു.

സ്‌പെയര്‍ പാര്‍ട്‌സ്, ടയര്‍ എന്നിവയുടെ വിതരണം നിലച്ചതോടെ കട്ടപ്പുറത്താകുന്ന ബസുകളുടെ എണ്ണം വര്‍ധിക്കുന്നു എന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി എം പി ദിനേശ് സര്‍ക്കാരിന് അയച്ച കത്തില്‍ പറയുന്നു. സ്‌പെയര്‍ പാര്‍ട്‌സ്, ടയര്‍ വാങ്ങിയ വകയില്‍ വിതരണ കമ്പനിക്ക് നല്‍കാനുള്ളത് 21.60 കോടി രൂപയാണ്. ഇതിന് പുറമെ ബസ് വാങ്ങിയതില്‍ കുടിശ്ശിക 18.50 കോടി, മാക്ട് അവാര്‍ഡ് കൊടുത്ത് തീര്‍ക്കാന്‍ 25.60 കോടി, ജി.പി.എസ് ഘടിപ്പിക്കാന്‍ 8 കോടിയും വേണം.

ജി.എസ്.ടി കുടിശ്ശിക ഒമ്പത് കോടി. കണ്‍സോര്‍ഷ്യം ലോണ്‍ എടുത്ത വകയില്‍ ബാങ്ക് ഫീസായി നല്‍കാനുള്ളത് 4.60 കോടി. കരാറുകാര്‍ക്ക് 13 കോടിയും കുടിശ്ശിക വരുത്തി. അങ്ങനെ മൊത്തം 100 കോടി രൂപ. അടിയന്തരമായി ഈ തുക അനുവദിക്കണമെന്നഭ്യര്‍ത്ഥിച്ചാണ് സര്‍ക്കാരിന് കത്ത് നല്‍കിയത്. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പെന്‍ഷന്‍ നല്‍കാനായി തിരുവനന്തപുരം ജില്ലാ ട്രഷറിയില്‍ നിക്ഷേപിച്ചിരുന്ന 47 കോടി രൂപ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇത് തിരിച്ച് നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.