Kerala

കെഎസ്ആർടിസി ശമ്പള വിതരണം; 65 കോടി രൂപ സർക്കാരിനോട് സഹായം തേടി

ജൂൺ മാസത്തെ ശമ്പളം വിതരണം ചെയ്യുന്നതിനായി കെഎസ്ആർടിസി സർക്കാരിന്റെ സഹായം തേടി. അഞ്ചാം തിയതിക്ക് മുൻപ് ശമ്പള വിതരണം പൂർത്തിയാക്കാൻ 65 കോടി രൂപ വേണമെന്നാണ് മാനേജ്‌മെന്റ് സർക്കാരിനോടിപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.

തൂപ്പുകാർക്കും കരാർ തൊഴിലാളികൾക്കും പുറമെ ഉന്നത ഉദ്യോഗസ്ഥർക്കും മെയ് മാസത്തെ ശമ്പളം നൽകാനുണ്ട്. കെടിഡിഎഫ്‌സിയിൽ നിന്ന് പത്ത് കോടി രൂപ വായ്പയെടുക്കാനും ശ്രമം നടക്കുന്നുണ്ട്.

അഞ്ചാം തിയതിക്ക് മുൻപ് ശമ്പള വിതരണം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി കെഎസ്ആർടിസി മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടത്. നിലവിൽ ഡ്രൈവർമാർക്കും, കണ്ടക്ടർമാർക്കുമാണ് ശമ്പളം നൽകിയിരിക്കുന്നത്. ഓവർഡ്രാഫ്റ്റ് സാധ്യത കെഎസ്ആർടിസി മാനേജ്‌മെന്റ് തള്ളുകയാണ്. കാരണം തിരിച്ചടവ് കെഎസ്ആർടിസിക്ക് വലിയ ബാധ്യതയുണ്ടാക്കുമെന്ന നിഗമനത്തിലാണ് അധികൃതർ എത്തിയിരിക്കുന്നത്.