India Kerala

വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കാനൊരുങ്ങി കെ.എസ്.ഇ.ബി

സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കാനൊരുങ്ങി വൈദ്യുതി ബോര്‍ഡ്. ഗാര്‍ഹിക ഉപഭോക്താക്കളെയായിരിക്കും നിരക്ക് വര്‍ദ്ധന കൂടുതല്‍ ബാധിക്കുക. 20 മുതല്‍ 30 പൈസ വരെ വര്‍ദ്ധിപ്പിക്കാനാണ് സാധ്യത.

കാലവര്‍ഷം കനിയാത്തതിനാല്‍ ആഭ്യന്തര ഉത്പാദനം കുറ‍ഞ്ഞതോടെ വൈദ്യുതി ബോര്‍ഡ് പ്രതിസന്ധിയിലായിരിക്കുകയാണ്. പുറത്ത് നിന്ന് പണം കൊടുത്ത് വൈദ്യുതി വാങ്ങേണ്ട അവസ്ഥ ബോര്‍ഡിനെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടും. ഈ സാഹചര്യത്തിലാണ് നിരക്ക് വര്‍ദ്ധനയെന്ന ആവശ്യം ബോര്‍ഡ് മുന്നോട്ടുവെച്ചത്. 15 മുതല്‍ 20 ശതമാനം നിരക്ക് വര്‍ദ്ധനയാണ് ബോര്‍ഡിന്റെ ആവശ്യമെങ്കിലും 10 മുതല്‍ 12 ശതമാനം വരെ വര്‍ദ്ധനക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയേക്കും.

വാണിജ്യ വന്‍കിട ഉപഭോക്താക്കള്‍ നിലവില്‍ തന്നെ കൂടുതല്‍ പണം നല്‍കുന്നുണ്ട്. അതിനാല്‍ നാമമാത്ര വര്‍ദ്ധന മാത്രമാകും വന്‍കിട ഉപഭോക്താക്കള്‍ക്കുണ്ടാകുക. ദാരിദ്ര്യരേഖക്ക് താഴെയുള്ളവരില്‍ ചാര്‍ജ്ജ് വര്‍ദ്ധനയുടെ ഭാരം അടിച്ചേല്‍പ്പിക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. അടുത്ത ആഴ്ചയോടെ നിരക്ക് വര്‍ദ്ധന പ്രഖ്യാപിക്കും.