India Kerala

കെ.പി.സി.സി പുനഃസംഘടനക്കെതിരെ പാര്‍ട്ടിക്കകത്ത് വിമര്‍ശനം ശക്തമാകുന്നു

കെ.പി.സി.സി പുനഃസംഘടനക്കെതിരെ പാര്‍ട്ടിക്കകത്ത് വിമര്‍ശനം ശക്തമാകുന്നു. യുവജനപ്രാതിനിധ്യം കുറഞ്ഞതിനെ ചൊല്ലിയാണ് കൂടുതല്‍ വിമര്‍ശനം. സാമൂഹിക മാധ്യമങ്ങളില്‍ കെ.പി.സി.സി നേതൃത്വത്തിന് നേരെ പ്രതിഷേധവും പരിഹാസവും നിറയുകയാണ്. കേരള പെന്‍ഷനേഴ്സ് കോണ്‍ഗ്രസ് കമ്മറ്റി എന്നാല്‍ ഒരു പ്രവര്‍ത്തകന്‍ ഫേസ്ബുക്കിലെഴുതിയത്.

കെ.പി.സി.സി പുനഃസംഘടനയില്‍ പരിഗണിക്കാതിരുന്ന പി പി തങ്കച്ചനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി പരിഗണിക്കണമെന്നതാണ് മറ്റൊന്ന്. മുതിര്‍ന്നവരും പരിചയ സമ്പന്നരും പാര്‍ട്ടിയെ നയിക്കട്ടെ അടുത്ത് പൊതുതെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ അവസരം കിട്ടും എന്ന പരിഹസിക്കുന്നവരുമുണ്ട്.

പാര്‍ട്ടി കടുത്ത പ്രതിസന്ധയില്‍ നില്ക്കുന്ന ഈ അവസരത്തില്‍ തങ്ങളുടെ എല്ലാ അവശതകളും മാറ്റി വെച്ച് ഈ പ്രായത്തിലും പാര്‍ട്ടിയോട് കൂറ് കാണിക്കാന്‍ മുന്നോട്ടുവന്ന മുഴുവന്‍ നേതാക്കള്‍ക്കും അഭിവാദ്യങ്ങളെന്ന് ചിലരെഴുതി. യുവജന ക്വാട്ടയില്‍ പ്രാതിനിധ്യം നല്‍കിയ സി.ആര്‍ മഹേഷിനും വി. എസ് ജോയിക്കുമെതിരായ വിമര്‍ശവും എഫ്.ബിയില്‍ നിറയുന്നുണ്ട്. പ്രതിഷേധം കണക്കിലെടുത്ത നിലവിലെ സെക്രട്ടറിമാരായ ജ്യോതികുമാര്‍ ചാമക്കാല, പഴകുളം മധു, രതികുമാര്‍, പ്രവീണ്‍കുമാര്‍ എന്നിവരെകൂടി ജനറല്‍ സെക്രട്ടറി പദവിയിലേക്ക് നിര്‍ദേശിച്ചിട്ടുണ്ട്.