India Kerala

കെ.പി.സി.സി പുനഃസംഘടനക്ക് സാധ്യത മങ്ങി

കെ.പി.സി.സി പുനഃസംഘടനക്ക് സാധ്യത മങ്ങി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് പുനഃസംഘടന വേണ്ടെന്ന് നേതാക്കള്‍ക്കിടയില്‍ പൊതുവികാരം. നിലവിലെ ഭാരവാഹികള്‍ തുടര്‍ന്നേക്കും. ഒഴിവുള്ള സ്ഥാനങ്ങളില്‍ ‍പുതിയ ഭാരവാഹികളെ നിശ്ചയിക്കാനും ധാരണ.

പുതുതായി നേതൃത്വമേറ്റെടുത്ത കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് കൂടെ പ്രവര്‍ത്തിക്കാന്‍ പുതിയ ടീം വേണമെന്നായിരുന്ന ആഗ്രഹം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരാനിരിക്കെ പുനഃസംഘടന നടത്തുന്നത് പ്രതികൂലമായിരിക്കുന്ന നിലപാടിലായിരുന്ന ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍. നീണ്ട ചര്‍ച്ചക്കൊടുവിലാണ് ചെറിയ ടീമിനെ നിശ്ചയിക്കാന്‍ ധാരണയായത്. ഇതിനായി ഡല്‍ഹിയിലെത്തി നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തി. പുതിയ ഭാരവാഹികളെ ഉടന്‍ പ്രഖ്യാപിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഭാരവാഹി ചര്‍ച്ചകളിലേക്ക് കടക്കുമ്പോള്‍ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞ അവസ്ഥയായി. നിലവില്‍ ഭാരവാഹികളായിരിക്കുന്നവരില്‍ പലരും സ്ഥാനം ഒഴിയാന്‍ സന്നദ്ധരല്ല. സ്ഥാനമൊഴിഞ്ഞാല്‍ പുതിയ പദവികള്‍ വേണമെന്ന നിലപാടിലാണ് പലരും.

നേതൃത്വത്തിലെ വലിയൊരു നിരയെ അസംതൃപ്തരാക്കികൊണ്ട് പുനഃസംഘടനയിലേക്ക് പോകുന്നതിലെ അപകടം തിരിച്ചറിഞ്ഞ നേതൃത്വം പുനഃസംഘടന മരവിപ്പിക്കാന്‍ ധാരണയിലെത്തിയെന്നാണ് സൂചന. നിലിവലെ ഭാരവാഹി സ്ഥാനങ്ങളില്‍ ഒഴിവുകളുണ്ട്. ഇത്തരത്തില്‍ വരുന്ന ഒഴിവുകളില്‍ ഏതാനും പേരെ നിയമിച്ച നിലവിലെ ടീമുമായി പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ നേരിടാനാണ് നേതാക്കള്‍ തമ്മില്‍ ഇപ്പോള്‍ എത്തിയിരിക്കുന്ന ധാരണ. ഇതിന്റെ സൂചന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്നലെ നല്‍കി. സ്ഥാനമൊഴിഞ്ഞ ഡി.സി.സി പ്രസിഡന്റുമാരില്‍ ഏതാനും പേരെ ഒഴിവുള്ള സ്ഥാനങ്ങളില്‍ നിയമിച്ച് മുന്നോട്ടുപോകുമെന്ന സൂചനയാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്നത്.