Kerala

പൊലീസ്-അഭിഭാഷക സംഘ‍ര്‍ഷം; കൊല്ലത്ത് ഇന്നും അഭിഭാഷകർ കോടതി ബഹിഷ്ക്കരിക്കും

കൊല്ലത്ത് ഇന്നും അഭിഭാഷകർ കോടതി ബഹിഷ്ക്കരിക്കും. കരുനാഗപ്പള്ളിയിൽ പൊലീസ് അഭിഭാഷകനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് അഭിഭാഷകർ കോടതി ബഹിഷ്ക്കരിക്കുന്നത്.
ഉദ്യോഗസ്ഥനെ സസ്പെൻറ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ബഹിഷ്ക്കരണം.നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് സമവായ ചർച്ച നടത്തിയിരുന്നു.

അഭിഭാഷകരും പൊലീസുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ കൊല്ലം ജില്ലയിലെ കോടതികൾ സ്തംഭിച്ചിരുന്നു. അഭിഭാഷകനെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ ശിക്ഷ നടപടി ഉണ്ടായില്ലെങ്കിൽ സമരം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നാണ് ബാര്‍ അസോസിയേഷന്റെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മറുവശത്ത് പൊലീസിനെ അക്രമിച്ച അഭിഭാഷകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനുള്ള നീക്കത്തിലായിരുന്നു പൊലീസും.

അഭിഭാഷകര്‍ കോടതി വളപ്പിൽ വെച്ച് പൊലീസിനെ ആക്രമിക്കുകയും ജീപ്പിന്റെ ചില്ല് തകർക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ 65 പേര്‍ക്കെതിരെയാണ് വെസ്റ്റ് പൊലീസ് കേസെടുത്തത്. പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസ്.