India Kerala

റീപോളിങ്; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോടിയേരി ബാലകൃഷ്ണന്‍

തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആവശ്യമായ മുന്‍കരുതലില്ലാതെ ധൃതിപിടിച്ചാണ് ഇന്നലെ മൂന്ന് ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. വൈകിട്ട് നാല് മണിക്ക് പ്രഖ്യാപനം നടത്തിയതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രചാരണത്തിന് അവസരം ലഭിച്ചില്ല. ആരുടെയോ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

മുഖം മറക്കുന്ന പര്‍ദ ധരിച്ച് വരുന്നവരെ വോട്ട് ചെയ്യാന്‍‌ അനുവദിക്കരുതെന്ന എം. വി ജയരാജന്റെ പ്രസ്താവനക്ക് കോടിയേരിയുടെ വിശദീകരണം നല്‍കി. പര്‍ദ ധരിച്ചവര്‍ക്ക് പോളിങ് ബൂത്തില്‍ വരാന്‍ അവകാശമുണ്ടെന്ന് കോടിയേരി പറഞ്ഞു. എന്നാല്‍ പോളിംഗ് ഏജന്റ് ആവശ്യപ്പെട്ടാല്‍ മുഖം കാണിക്കാന്‍ ബാധ്യതയുണ്ട്.കള്ളവോട്ട് തടയാന്‍ ഇത് ആവശ്യമാണ്, ഈ തെരഞ്ഞെടുപ്പിനെ മുഖം മൂടികളുടെ ഒരു ഇലക്ഷന്‍ ആക്കാന്‍ പാടില്ലെന്നും കോടിയേരി പറഞ്ഞു.