Kerala

കൊച്ചി മെട്രോ ഇനി പേട്ടയിലേക്കും

തൈക്കൂടത്തുനിന്ന് പേട്ടയിലേക്കുള്ള പുതിയ പാതയിൽ കൊച്ചി മെട്രോ സർവിസ് ആരംഭിക്കാനാണ് അനുമതി ലഭിച്ചത്

പേട്ട വരെയുള്ള നിര്‍മാണം അവസാനിച്ച് പ്രവര്‍‌ത്തനസജ്ജമായതോടെ കൊച്ചി മെട്രോയുടെ ആദ്യഘട്ടം പൂര്‍ണമാവുകയാണ്. തൈക്കൂടത്ത് നിന്ന് പേട്ട വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ചില്‍ പൂര്‍ത്തീകരിച്ചിരുന്നുവെങ്കിലും ലോക്ക് ഡൌണിനെ തുടര്‍ന്ന് സുരക്ഷ പരിശോധനകള്‍ നീണ്ട് പോവുകയായിരുന്നു. മെട്രോ റെയിൽ സുര‍ക്ഷ കമീഷണർ കെ. മനോഹരന്റെ നേതൃത്വത്തിൽ 1.33 കിലോമീറ്റർ പാതയിൽ നടന്ന വിശദ പരിശോധനക്ക് ശേഷമാണ് സർവിസിനുള്ള അനുമതി നൽകിയത്. സ്റ്റേഷൻ നിർമാണ പ്രവർത്തനങ്ങളടക്കം പൂർത്തീകരിച്ചുവെങ്കിലും ഉദ്ഘാടന തിയതി പ്രഖ്യാപിച്ചിട്ടില്ല.

ലോക്ക് ഡൌണിനെ തുടര്‍ന്ന് നിര്‍ത്തി വെച്ച മെട്രോ സര്‍വീസ് സർക്കാർ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഉടന്‍ പുനരാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പുതിയ പാതയിൽ പൈൽ ഫൗണ്ടേഷൻ, തൂണുകൾ, ഗർഡറുകൾ, പാലങ്ങൾ തുടങ്ങിയവ വിദഗ്ധസംഘം നേരിട്ട് പരിശോധിച്ചു. ട്രാക്കിന്റെ സുരക്ഷിതത്വവും പരിശോധനവിധേയമാക്കി. യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാമുണ്ടെന്നും ഉറപ്പുവരുത്തിയിട്ടുണ്ട്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നേരിട്ട് നിർമാണം നടത്തുന്ന പേട്ട-എസ്.എൻ ജങ്ഷൻ പാതയിൽ പണികൾ പുരോഗമിക്കുകയാണ്.