India Kerala

കെവിൻ കൊലക്കേസില്‍ വിധി ആഗസ്ത് 14ന്

കേരളത്തെ നടുക്കിയ കെവിന്‍ കൊലപാതക കേസില്‍ അടുത്തമാസം 14ന് വിധി പറയും. വിചാരണ നടപടികള്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. മൂന്ന് മാസം കൊണ്ട് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പറയുന്നത്.

കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് അതിവേഗത്തിലാണ് വിചാരണ നടപടികള്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പൂര്‍ത്തിയാക്കിയത്. മൂന്ന് മാസം നീണ്ട വിചാരണയില്‍ 113 സാക്ഷികളെ വിസ്തരിച്ചു. ഇതില്‍ 8 പേര്‍ കൂറുമാറി. 240 പ്രമാണങ്ങളും 55 രേഖകളും കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി. സിസിടിവി ദൃശ്യങ്ങളും നിര്‍ണ്ണായകമാണ്. പോസ്റ്റുമോര്‍ട്ടത്തിന്റെ അടക്കം ശാസ്ത്രീയ പരിശോധന ഫലങ്ങളും കോടതി പരിശോധിച്ചു. പ്രതിഭാഗത്തിന്റെ വാദവും വിശദമായി കേട്ട ശേഷമാണ് വിധി പറയാന്‍ കേസ് അടുത്ത മാസം 14ലേക്ക് കേസ് മാറ്റിവെച്ചത്.

ദുരഭിമാനകൊലയായി പരിഗണിക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. വിചാരണ വേളയില്‍ കെവിന്റെ അച്ഛനും നീനുവും നല്കിയ മൊഴി അതുകൊണ്ട് തന്നെ നിര്‍ണ്ണായകമാണ്. നിരവധി നാടകീയ രംഗങ്ങളും വിചാരണ വേളയില്‍ ഉണ്ടായി. ‍സാക്ഷി പറയാന്‍ എത്തിയവരെ കോടതി മുറിക്കുള്ളില്‍ വെച്ച് പ്രതികള്‍ ഭീഷണിപ്പെടുത്തി. ഒരു സാക്ഷിയെ ജാമ്യത്തിലുണ്ടായിരുന്ന പ്രതികള്‍ മര്‍ദ്ദിച്ചു. ഇതേ തുടര്‍ന്ന് രണ്ട് പേരുടെ ജാമ്യം കോടതി റദ്ദാക്കി. പ്രോസിക്യൂഷന് നേരെ ഒന്നാം പ്രതി കയര്‍ത്തതും തിരിച്ചറിയാതിരിക്കാന്‍ ഒരേ വേഷത്തില്‍ വന്നതുമടക്കം നിരവധി സംഭവങ്ങള്‍ കോടതിയില്‍ ഉണ്ടായി.