Kerala

ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരളം

ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ. ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസ്സാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരളം. ഭരണഘടനയിലുള്ള സിവിൽ കോഡല്ല സംഘപരിവാറിന്റെ മനസിലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര സർക്കാർ നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്ന് കേരള നിയമസഭ അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ ഒരുമയെ ഛിദ്രീകരിക്കാനുള്ള വര്‍ഗ്ഗീയ നീക്കമാണ് ഏക സിവിൽ കോഡെന്നും രാഷ്ട്രത്തിന്റെ ഐക്യത്തിന് ഇത്‌ ഹാനികരമാണെന്നും പ്രമേയം പറയുന്നു. രാജ്യത്തെ ജനങ്ങളെയാകെ ബാധിക്കുന്ന വിഷയങ്ങളില്‍ വിവിധ മതവിഭാഗങ്ങളുമായി ചര്‍ച്ച നടത്തി പൊതുസമീപനം ഉരുത്തിരിയുന്നതുവരെ, തിടുക്കത്തിലുള്ള നീക്കങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് കേരള നിയമസഭ ഏകകണ്‌ഠേന ആവശ്യപ്പെട്ടു.

നേരത്തെ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയ ഇന്ത്യയിലെ ആദ്യത്തെ നിയമസഭയയും കേരള നിയമസഭയായിരുന്നു. 2019 ഡിസംബറിലാണ് പൗരത്വ നിയമ ഭേദഗതിക്ക് എതിരെ കേരള നിയമസഭ ഏകകണ്‌ഠേന പ്രമേയം പാസാക്കിയത്.

നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തിന്റെ പൂര്‍ണരൂപം

ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍ കേരള നിയമസഭ ആശങ്കയും ഉല്‍ക്കണ്ഠയും രേഖപ്പെടുത്തുന്നു. ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്നു ഈ സഭ വിലയിരുത്തുന്നു.

ഭരണഘടന അതിന്റെ നിര്‍ദ്ദേശക തത്വങ്ങളില്‍ മാത്രമാണ് പൊതു സിവില്‍ നിയമത്തെക്കുറിച്ചു പരാമര്‍ശിക്കുന്നത്. നിര്‍ദ്ദേശക തത്വങ്ങളില്‍ മാത്രമായി ഇതു പരിമിതപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്. നടപ്പാക്കണമെന്ന നിര്‍ബന്ധ സ്വഭാവമുള്ളവയല്ല നിര്‍ദ്ദേശക തത്വങ്ങള്‍. മൗലികാവകാശങ്ങള്‍ നിര്‍ബന്ധിതമായി നടപ്പാക്കാന്‍ കോടതിക്കു കല്‍പിക്കാം. എന്നാല്‍, കോടതിക്ക് പോലും നിര്‍ബ്ബന്ധിതമായി നടപ്പാക്കണം എന്ന് കല്‍പിക്കാനാവാത്തതാണു ഭരണഘടനയുടെ 44-ാം അനുച്ഛേദത്തിലെ നിര്‍ദ്ദേശക തത്വങ്ങള്‍. ഭരണഘടനാ ശില്‍പികള്‍ എത്രമേല്‍ ആലോചിച്ചാണിങ്ങനെ ചെയ്തത് എന്നും എന്തുകൊണ്ടാണിങ്ങനെ ചെയ്തത് എന്നും മനസ്സിലാക്കണം.

ഭരണഘടനയുടെ ആമുഖത്തിലൂടെ തന്നെ മതനിരപേക്ഷത ഉറപ്പു നല്‍കുന്ന രാജ്യമാണ് ഇന്ത്യ. ഏതു മതത്തില്‍ വിശ്വസിക്കാനും അതിന്‍പ്രകാരം ജീവിക്കാനുമുള്ള പൗരന്റെ സ്വാതന്ത്ര്യം മൗലികാവകാശങ്ങളുടെ ഭാഗമാക്കിത്തന്നെ ഭരണഘടന ഉറപ്പു നല്‍കുന്നു. ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന ആ മതസ്വാതന്ത്ര്യം മതപരമായ വ്യക്തിനിയമങ്ങള്‍ അനുസരിക്കാനും ജീവിതത്തില്‍ ആചരിക്കാനുമുള്ള അവകാശത്തെക്കൂടി ഉള്‍ക്കൊള്ളുന്നതാണെന്നിരിക്കെ, ആ ആചരിക്കലിനെ വിലക്കുന്ന നിയമനിര്‍മ്മാണം, ഭരണഘടനാപരമായ മതസ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിന്റെ നിഷേധവും ലംഘനവുമാവും. സ്വന്തം മതവിശ്വാസങ്ങള്‍ക്കനുസരിച്ച് ജീവിക്കുക എന്നതു മൗലികമായ വ്യക്തി സ്വാതന്ത്ര്യമായിരിക്കെ, അതു നിഷേധിക്കലാവും.

ഭരണഘടനയുടെ 44-ാം അനുച്ഛേദത്തില്‍ പറയുന്നത് ഒരു പൊതു സിവില്‍ നിയമസംഹിത സംപ്രാപ്തമാക്കുവാന്‍ രാഷ്ട്രം യത്‌നിക്കേണ്ടതാണ് എന്നു മാത്രമാണ്. അഭിപ്രായസമന്വയത്തിലൂടെ, വ്യത്യസ്ത മതവിഭാഗങ്ങളുമായുള്ള ആശയസംവാദത്തിലൂടെ കാലക്രമത്തില്‍ മാത്രം സാധിക്കേണ്ടതാണത് എന്നതാണ് അതിന്റെ സൂചന. അത്തരത്തിലുള്ള ഒരു ആശയ സംവാദം നടത്തുകയോ അഭിപ്രായ സമന്വയം സൃഷ്ടിക്കുകയോ ചെയ്യാതെയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലുള്ള ഏകപക്ഷീയ നീക്കവുമായി മുന്നോട്ടു വന്നിട്ടുള്ളത് എന്നത് വിവിധ ജനവിഭാഗങ്ങളില്‍ ആശങ്കയുളവാക്കുന്നു. കേരള നിയമസഭയും ആ ആശങ്ക പങ്കുവെക്കുന്നു. ജനങ്ങളുടെ ഒരുമയെ ഛിദ്രീകരിക്കാനുള്ള വര്‍ഗ്ഗീയ നീക്കമാണ് ഇത് എന്നും, രാഷ്ട്രത്തിന്റെ ഐക്യത്തിന് ഹാനികരമാണ് ഇത്തരം അടിച്ചേല്‍പ്പിക്കലുകള്‍ എന്നും വിലയിരുത്തുന്നു.

കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ തന്നെ ഏക സിവില്‍ നിയമത്തെ സംബന്ധിച്ച വ്യത്യസ്താഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ആ അവസരത്തില്‍ ഡോ. ബി ആര്‍ അംബേദ്കര്‍ ഇക്കാര്യത്തിലെടുത്ത നിലപാട് ശ്രദ്ധേയമാണ്. ഇന്ത്യയുടെ സങ്കീര്‍ണമായ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ പരിഗണിക്കുന്നതും വ്യത്യസ്ത മതവിഭാഗങ്ങളുടെ സമന്വയത്തെ ശക്തമാക്കുന്നതുമായിരുന്നു അംബേദ്കറുടെ നിലപാട്. വൈവിധ്യത്തിലെ ഏകത്വത്തെ അംഗീകരിക്കുന്നതായിരുന്നു അത്.

വ്യക്തിനിയമങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവകാശം പൗരജനങ്ങളില്‍ നിലനിര്‍ത്തിക്കൊണ്ടുള്ള പൊതു സിവില്‍ നിയമത്തിനായി വേണമെങ്കില്‍ പാര്‍ലമെന്റിനു ശ്രമിക്കാമെന്നു പറഞ്ഞ അംബേദ്കര്‍ അതുപോലും നിര്‍ബ്ബന്ധമായി വേണമെന്നു ശഠിച്ചില്ല. കേവലം ഒരു സാധ്യത സൂചിപ്പിക്കുക മാത്രമാണദ്ദേഹം ചെയ്തത്. അതിന്റെ പ്രതിഫലനമാണ് പൊതു സിവില്‍ നിയമ പരാമര്‍ശം നിര്‍ദ്ദേശക തത്വങ്ങളില്‍ മാത്രമായി പരിമിതപ്പെട്ടത്.

രാജ്യത്തെ ജനങ്ങളെയാകെ ബാധിക്കുന്ന വിഷയങ്ങളില്‍ ഏത് നീക്കം നടത്തുന്നതിൽ നിന്നും കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് ഈസഭ ഏകകണ്ഠേന ആവശ്യപ്പെടുന്നു.