India Kerala

കേന്ദ്രത്തിൻ്റെ കരട് വിജ്ഞാപനത്തിനെതിരെ കേരളം; ഗതാഗത സംവിധാനത്തെ തകര്‍ക്കുന്നതെന്ന് സംസ്ഥാനം

ആഡംബര ബസ്സുകള്‍ക്ക് സര്‍വ്വീസ് നടത്താന്‍ പെര്‍മിറ്റ് വേണ്ടെന്ന കേന്ദ്രസര്‍ക്കാറിന്‍റെ കരട് വിജ്ഞാപനത്തിനെതിരെ കേരളം രേഖാമൂലം വിയോജിപ്പറിയിച്ചു. വിവിധ വിഷയങ്ങൾ ചുണ്ടിക്കാട്ടിയാണ് കത്തയച്ചത്. കേന്ദ്ര മന്ത്രാലയമിറക്കിയ കരട് വിജ്ഞാപനം സംസ്ഥാനത്തെ ഗതാഗതസംവിധാനത്തെ തകര്‍ക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.

22 സീറ്റുകളില്‍ കൂടുതലുള്ള ആഡംബര ബസ്സുകള്‍ക്ക് സര്‍വ്വീസ് നടത്താന്‍ പെര്‍മിറ്റ് വേണ്ടെന്ന കേന്ദ്രത്തിന്‍റെ കരട് വിജ്ഞാപനം നടപ്പായാല്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകളെയും മറ്റ് ബസ്സ് സര്‍വ്വീസുകളെയും സാരമായി ബാധിക്കുമെന്നാണ് സംസ്ഥാനം നല്‍കിയ കത്തില്‍ പറയുന്നത്. നിയമം വന്നാല്‍ ഏത് റൂട്ടിലും ഏത് സമയത്തും ബസ്സുകള്‍ക്ക് സര്‍വ്വീസുകള്‍ നടത്താനാകും. നിയമലംഘനങ്ങളുണ്ടായാല്‍ സംസ്ഥാനസര്‍ക്കാരിന് ഇടപ്പെടാന്‍ കഴിയാത്ത സാഹചര്യവും സൃഷ്ടിക്കും.

കരട് വിജ്ഞാപനം നടപ്പാക്കിയാല്‍ സംസ്ഥാനസര്‍ക്കാറിന് കീഴിലുള്ള പൊതുഗതാഗതസംവിധാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും കേന്ദ്രത്തിന് അയച്ച കത്തില്‍ സംസ്ഥാനം ചൂണ്ടികാട്ടുന്നു. ഇതിനോടൊപ്പം സംസ്ഥാനത്തിന്‍റെ റവന്യു വരുമാനത്തിലും കുറവുണ്ടാകും.