Kerala

നികുതി പിരിവ് ഊർജ്ജിതമാക്കിയേക്കും; നികുതി വരുമാനം വർധിപ്പിക്കാനുള്ള നടപടികളും കൈക്കൊള്ളും

സാമ്പത്തിക പ്രതിസന്ധി മറിക്കാൻ സംസ്ഥാനത്തെ നികുതി പിരിവ് ഊർജ്ജിതമാക്കാനുള്ള നിർദ്ദേശം സംസ്ഥാന ബജറ്റിലുണ്ടാകും. കഴിഞ്ഞ നാല് വർഷമായി പ്രതീക്ഷിച്ചതിനേക്കാൾ കുറവ് നികുതി മാത്രമാണ് പിരിച്ചെടുക്കാനായത്. ഓരോ വർഷവും ശരാശരി ഏഴായിരം കോടിയോളം രൂപ ഈയിനത്തിൽ പിരിച്ചെടുക്കാനുണ്ട്. നികുതി കുടിശിക പിരിച്ചെടുക്കാൻ കർമ്മ പദ്ധതിക്കുള്ള നിർദ്ദേശവും ബജറ്റിലുണ്ടാകും. നികുതി കുടിശ്ശിക അടയ്ക്കുന്നവർക്കായി ഇളവുകൾക്കും സാധ്യതയുണ്ട്. ( kerala govt aims ate increasing tax )

നികുതി വരുമാനം വർധിപ്പിക്കാനുള്ള നിർദ്ദേശങ്ങളടങ്ങിയ ബജറ്റാകും ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുക. ജി. എസ്. ടി യു ടെ പരിധിയിൽപ്പെടാത്ത ലോട്ടറി, മദ്യം, ഭൂമി രജിസ്‌ട്രേഷൻ , എന്നിവയുടെ നികുതി ഉയർത്തിയേക്കും. ഭൂമിയുടെ ന്യായവില വർധിപ്പിക്കാനും രജിസ്‌ട്രേഷൻ ഫീസ് വർധിപ്പിക്കാനുമുള്ള ശുപാർശ വിദഗ്ധ സമിതി നേരത്തെ തന്നെ സർക്കാരിന് സമർപ്പിച്ചിരുന്നു. ഇന്ധന വില വർധന ദേശീയാടിസ്ഥാനത്തിൽ ഉടൻ ഉണ്ടാകുമെന്നതിനാൽ ഇന്ധന സെസ് ഉയർത്തില്ല. അധിക നികുതി തുടരും. ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് ലോട്ടറി ഫലതുക ഏകീകരിക്കാനുള്ള നിർദ്ദേശവും ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ.

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്നാണ് അവതരിപ്പിക്കുന്നത്. ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിക്കുന്ന ബജറ്റിൽ പുതിയ നികുതി നിർദ്ദേശങ്ങൾ ഉണ്ടാകുമെന്ന് സൂചന.