Kerala

623 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലൂടെ 451 പേര്‍ക്ക്

സംസ്ഥാനത്ത് 623 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചതാണിത്. സമ്പര്‍ക്കത്തിലൂടെയാണ് 451 പേര്‍ക്ക് രോഗം ബാധിച്ചത്. 37 പേരുടെ ഉറവിടം വ്യക്തമല്ല. സംസ്ഥാനത്ത് ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കി രാജാക്കാട് സ്വദേശിനി വത്സമ്മ ജോയിയാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

96 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 9 ആരോഗ്യപ്രവര്‍ത്തകര്‍ 9 ഡിഎസ്‌സി ജവാന്മാര്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. 196 പേര്‍ രോഗമുക്തി നേടി.

തിരുവനന്തപുരം 157, കാസര്‍കോട് 74, എറണാകുളം 72, കോഴിക്കോട് 64, പത്തനംതിട്ട 64, ഇടുക്കി 55, കണ്ണൂര്‍ 35, കോട്ടയം 25, ആലപ്പുഴ 20 പാലക്കാട് 19, മലപ്പുറം 18, കൊല്ലം 11, തൃശൂര്‍ 5,വയനാട് 4 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

തിരുവനന്തപുരം 11, കൊല്ലം 8, പത്തനംതിട്ട 19, കോട്ടയം 13, ഇടുക്കി 3, എറണാകുളം 1, തൃശൂര്‍ 1, പാലക്കാട് 53, മലപ്പുറം 44 കോഴിക്കോട് 15, വയനാട് 1, കണ്ണൂര്‍ 10, കാസര്‍കോട് 17 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 16,444 സാംപിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,84,601 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 4989 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 9553 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 602 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 4880 പേർ ചികിത്സയിൽ. 2,60,356 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 82568 സാംപിളുകള്‍ ശേഖരിച്ചതില്‍ 78415 സാംപിളുകള്‍ നെഗറ്റീവ് ആയി.

16 പ്രദേശങ്ങള്‍ കൂടി ഇന്ന് പുതിയതായി ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. ആകെ 234 ഹോട്ട്സ്പോട്ടുകളാണ് നിലവിലുള്ളത്.