India Kerala

വിലവര്‍ധനക്ക് വഴിവെച്ച് ധനമന്ത്രി തോമസ് ഐസകിന്റെ പത്താം ബജറ്റ്

വിലവര്‍ധനക്ക് വഴിവെച്ച് ധനമന്ത്രി തോമസ് ഐസകിന്റെ പത്താം ബജറ്റ്. 5 ശതമാനത്തിലധികം ജി.എസ്.ടിയുള്ള എല്ലാ ഉല്പന്നങ്ങള്‍ക്കും രണ്ടു വര്‍ഷത്തേക്ക് ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്തി. മദ്യത്തിനും മോട്ടോര്‍ വാഹനങ്ങള്‍ വിലവര്‍ധിക്കും. ഭൂമിയുടെ ന്യായ വിലയും സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസും വര്‍ധിപ്പിച്ചു.

പ്രളയപുനര്‍നിര്‍മാണത്തിന് പണം കണ്ടെത്താനായി ജി.എസ്.ടി കൌണ്‍സില്‍ അംഗീകാരം നല്‍കിയതിനുസരിച്ചുള്ള പ്രളയ സെസ് ധനമന്ത്രി പ്രഖ്യാപിച്ചു. 12, 18, 28 ശതമാനം ജി.എസ്.ടി ഈടാകുന്ന എല്ലാ ഉല്പന്നങ്ങള്‍ക്കും ഒരു ശതമാനമാണ് സെസ്. സ്വര്‍ണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങള്‍ക്ക് .25 ശതമാനമാണ് സെസ്. 600 കോടി രൂപയാണ് പ്രതിവര്‍ഷം പ്രതീക്ഷിക്കുന്ന വരുമാനം. നിത്യോപയോഗ സാധനങ്ങളുടെ അടക്കം വില വര്‍ധിപ്പിക്കുന്നതാണ് തീരുമാനം. ബിയര്‍, വൈന്‍ ഉള്‍പ്പെടെ എല്ലാ മദ്യത്തിനും 2 ശതമാനം നികുതി വര്‍ധിപ്പിച്ചു.

ഭൂമിയുടെ ന്യായ വില വര്‍ധിപ്പിച്ചതിലൂടെ ഭൂമി രജിസ്ട്രേഷന്‍ ചെലവും വര്‍ധിക്കും. 400 കോടി രൂപയാണ് ഈ ഇനത്തിലൂടെ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. മോട്ടോര്‍ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ അടക്കേണ്ട ഒറ്റത്തവണ നികുതി ഒരു ശതമാനം വര്‍ധിപ്പിച്ചതിലൂടെ 180 കോടി രൂപ കണ്ടെത്തും. നികുതി കുടിശ്ശിക, പാട്ടകുടിശ്ശിക, മോട്ടോര്‍ വാഹന കുടശ്ശിക, അണ്ടര്‍ വാല്യുവേഷന്‍ കേസുകള്‍ക്ക് തുടങ്ങിയവക്കെല്ലാം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഏര്‍പ്പെടുത്തി അധിക വരുമാനത്തിന് ധനമന്ത്രി വഴിതേടുന്നു.

സിനിമ ടിക്കറ്റുകള്‍ വിനോദ നികുതി 10 ശതമാനം ഏര്‍പ്പെടുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി. റവന്യു ഓഫീസുകള്‍ ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സേവനങ്ങള്‍ക്ക് ഈടാക്കുന്ന ചാര്‍ജുകളും ഫീസുകളും 5 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ജി.എസ്.ടി വരുമാനം 30 ശതമാനം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി നികുതി ചോര്‍ച്ച തടയാനും നികുതി പിരിവ് ഊര്‍ജിതമാക്കാനും കര്‍മപദ്ധതി ബജറ്റില്‍ ‍പ്രഖ്യാപിച്ചിട്ടുണ്ട്. ആഡംബര കെട്ടിടങ്ങളുടെ നികുതിയും വര്‍ധിപ്പിച്ചിട്ടുണ്ട്.