HEAD LINES Kerala Latest news

കടിപ്പിക്കാന്‍ ശ്രമിച്ചത് ഉഗ്രവിഷമുള്ള പാമ്പിനെക്കൊണ്ട്; കാട്ടാക്കട വധശ്രമത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരത്ത് പാമ്പിനെ ഉപയോഗിച്ചുകൊണ്ടുള്ള വധശ്രമക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി അന്വേഷണസംഘം. കൊലപ്പെടുത്താന്‍ ഉദ്ദേശിച്ച് പ്രതി മധ്യവയസ്‌കന്റെ മുറിയിലേക്ക് വലിച്ചെറിഞ്ഞത് ഉഗ്രവിഷമുള്ള പാമ്പിനെയായിരുന്നെന്ന് കണ്ടെത്തി. ശംഖുവരയന്‍ പാമ്പിനെയാണ് പ്രതി കൊലപാതകത്തിനായി ഉപയോഗിച്ചത്.

പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് കാട്ടാക്കടയിലെ കുടുംബം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പാമ്പിനെ കണ്ടയുടന്‍ തന്നെ വീട്ടുകാര്‍ അതിനെ തല്ലിക്കൊന്നിരുന്നു. അതിനുശേഷം ഇപ്പോഴാണ് പാമ്പ് ഏത് ഇനമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. വധശ്രമക്കേസിലെ പ്രതി കിച്ചുവിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ വിവരങ്ങള്‍ തേടാനിരിക്കുകയാണ്. കിച്ചുവിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.

മകളെ ശല്യം ചെയ്തത് വിലക്കിയതിനുള്ള പ്രതികാരമായിട്ടായിരുന്നു പാമ്പിനെ വിട്ട് കടിപ്പിച്ചു കൊല്ലാന്‍ ശ്രമം നടത്തിയത്. ജനലിലൂടെ പാമ്പിനെ മുറിയിലേക്ക് എറിയുകയായിരുന്നു. പാമ്പിനെ എറിഞ്ഞുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കിച്ചു എന്ന ഗുണ്ട റാവു ആണ് പൊലീസിന്റെ പിടിയിലായത്. അമ്പലത്തിന്‍കാല സ്വദേശി രാജേന്ദ്രന്റെ വീട്ടിലാണ് രാത്രി പാമ്പിനെ തുറന്നുവിട്ടത്.