Kerala

കാസര്‍കോട് കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു

ദുബായിൽ വെച്ച് സ്രവം എടുത്തിരുന്നുവെങ്കിലും ഫലം നെഗറ്റീവായിരുന്നു

ഗൾഫിൽ നിന്ന് നാട്ടിലെത്തിയ ശേഷം, വീട്ടിൽ കോവിഡ് നിരീക്ഷണത്തിലായിരുന്നയാൾ മരിച്ചു. കാസർകോട്‌ ഉദുമ സൗത്ത് കരിപ്പോടിയിലെ അബ്ദുൾ റഹ്മാൻ തിരുവക്കോളിയാണ് മരിച്ചത്. കാസർകോട് ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

മകൻ ജിഷാദിന്‍റെ കൂടെ ശനിയാഴ്ച രാവിലെയാണ് അബ്ദുൾറഹ്മാൻ നാട്ടിലെത്തിയത്. തിങ്കളാഴ്ച രാവിലെ ഇരുവരും ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തി സാമ്പിൾ നൽകിയിരുന്നു. വൈകിട്ട് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് അബ്ദുൾറഹ്മാനെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. എട്ടു ദിവസം മുമ്പ് ദുബായിൽ വെച്ച് സ്രാവം പരിശോധിച്ചപ്പോൾ ഫലം നെഗറ്റീവായിരുന്നു.

ജൂണ്‍ ഒമ്പതിന് കുവൈത്തില്‍ നിന്നെത്തിയ മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശിനി, ജൂണ്‍ മൂന്നിന് അബൂദാബിയില്‍ നിന്നെത്തിയ മൂളിയാര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 10 ന് കല്‍ക്കട്ടയില്‍ നിന്ന് വന്ന ബേഡഡുക്ക പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച നാല് പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 79 ആയി. ഇനി ചികിത്സയിലുള്ളത് 1 13 പേരാണ്.

മൂന്നാംഘട്ടത്തില്‍ 192പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 127പേര്‍ ഇതര സംസ്ഥാനത്തുനിന്നും ജില്ലയിലെത്തിയവരാണ്. വിദേശ രാജ്യങ്ങളില്‍ നിന്നും വന്ന 54 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇത് വരെ 11 പേര്‍ക്കാണ് ജില്ലയില്‍ സമ്പര്‍ക്കം വഴി കോവിഡ് സ്ഥിരീകരിച്ചത്.