India Kerala

കല്ലടയുടെ പെര്‍മിറ്റ് റദ്ദാക്കല്‍; ആര്‍.ടി.എ യോഗത്തില്‍ തീരുമാനമായില്ല

യാത്രക്കാര്‍ക്ക് ബസ്സില്‍ മര്‍ദ്ദനമേറ്റ സംഭവത്തില്‍ കല്ലട ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമായില്ല. നിയമ വശങ്ങള്‍ പഠിച്ച ശേഷം തീരുമാനമെടുത്താല്‍ മതിയെന്ന് ഇന്ന് തൃശൂരില്‍ ചേര്‍ന്ന റീജിയണന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗം തീരുമാനിച്ചു. ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കരുതെന്നും മര്‍ദനമേറ്റ സംഭവം ഒറ്റപ്പെട്ട വിഷയമാണെന്നും കല്ലട മാനേജ്മെന്റ് യോഗത്തെ അറിയിച്ചു.

യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റ കല്ലട ട്രാവല്‍സിന്റെ ബസ്സ് രജിസ്റ്റര്‍ ചെയ്തത് ഇരിങ്ങാലക്കുട ആര്‍.ടി.ഒയുടെ കീഴിലാണ്. ഈ സാഹചര്യത്തിലാണ് പെര്‍മിറ്റുമായി ബന്ധപ്പെട്ട എല്ലാ ചുമതലയുമുള്ള തൃശൂര്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗം ചേര്‍ന്നത്. പെര്‍മിറ്റ് റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ഇന്നത്തെ യോഗം മുന്‍പാകെ അറിയിക്കാന്‍ കല്ലട മാനേജ്മെന്റിന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

സംഭവത്തിലുള്‍പ്പെട്ട ജീവനക്കാരെ പുറത്താക്കിയതായും പെര്‍മിറ്റ് റദ്ദാക്കരുതെന്നും കല്ലട മാനേജ്മെന്റ് പ്രതിനിധി ആര്‍.ടി.എ യോഗത്തിന് മുമ്പാകെ ആവശ്യപ്പെട്ടു. പെര്‍മിറ്റ് റദ്ദാക്കിയാല്‍ കല്ലട മാനേജ്മെന്റ് കോടതിയെ സമീപിക്കും, മര്‍ദിച്ച ജീവനക്കാര്‍ക്കെതിരായ കേസ് കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തിലാണ് നിയമവശങ്ങള്‍ കൂടി പരിശോധിക്കാന്‍ ആര്‍.ടി.എ യോഗം തീരുമാനിച്ചത്. കല്ലട ട്രാവല്‍സിന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 45 എച്ച് 6132 എന്ന ബസ്സില്‍ വെച്ചാണ് യാത്രക്കാര്‍ക്ക് ജീവനക്കാരുടെ ക്രൂരമര്‍ദനമേല്‍ക്കേണ്ടി വന്നത്. മര്‍ദിച്ച് അവശരാക്കിയ ശേഷം യാത്രക്കാരെ ബസ്സ് ജീവനക്കാര്‍ റോഡില്‍ ഇറക്കി വിടുകയും ചെയ്തു.