Kerala

കൊച്ചിയില്‍ യുഡിഎഫ് യോഗം തുടങ്ങി; കെ സുധാകരന്‍ എത്തിയില്ല

കൊച്ചിയില്‍ നടക്കുന്ന യുഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പങ്കെടുക്കുന്നില്ല. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാലാണ് യോഗത്തില്‍ കെ സുധാകരന്‍ എത്താത്തതെന്നാണ് ലഭിക്കുന്ന വിവരം. രമേശ് ചെന്നിത്തലയും യോഗത്തില്‍ പങ്കെടുക്കുന്നില്ല. നേതാക്കളുടെ സൗകര്യം പോലും നോക്കാതെയാണ് യോഗം തീരുമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തലയ്ക്ക് പരാതിയുണ്ട്. കഴിഞ്ഞ യുഡിഎഫ് യോഗത്തിലും രമേശ് ചെന്നത്തല പങ്കെടുത്തിരുന്നില്ല.

യോഗത്തില്‍ ചെയര്‍മാനും കണ്‍വീനര്‍ക്കും പുറമേ കോണ്‍ഗ്രസ് പ്രതിനിധികളായി കെ മുരളീധരനും ബെന്നി ബഹന്നാനും മാത്രമാണ് പങ്കെടുക്കുന്നത്. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ രക്ഷിക്കാന്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന ആരോപണവും ഇതേത്തുടര്‍ന്ന് കെ സുധാകരന്‍ നടത്തിയ പ്രസ്താവനയും യോഗത്തില്‍ ചര്‍ച്ചയാകും. പി കെ കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം എന്നിവര്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഇ പി ജയരാജന്‍ വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ വിഷയം എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. എ കെ ആന്റണിയുടെ മൃദു ഹിന്ദുത്വ നിലപാടില്‍ നേതാക്കള്‍ വ്യത്യസ്ത അഭിപ്രായം പറഞ്ഞതും ഘടകകക്ഷികളില്‍ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഇക്കാര്യം ഘടക കക്ഷികളും യോഗത്തില്‍ ഉന്നയിക്കും.

ബഫര്‍ സോണ്‍ വിഷയത്തില്‍ കെ റെയിലിന് സമാനമായിട്ടുള്ള സമരപരിപാടികള്‍ ഉണ്ടാകുമെന്ന് നേരത്തെ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ജനങ്ങളെ ഒപ്പം നിര്‍ത്തി പരിപാടികള്‍ എങ്ങനെ വേണമെന്നും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.