India Kerala

‘വിദേശ സർവകലാശാല വിഷയത്തിലെ വിവാദങ്ങൾക്ക് മറുപടി’ ; ബജറ്റിന്മേലുള്ള പൊതുചർച്ചയ്ക്ക് ധനമന്ത്രി

ബജറ്റിന്മേലുള്ള പൊതുചർച്ചയ്ക്ക് ധനമന്ത്രി ഇന്ന് നിയമസഭയിൽ മറുപടി നൽകും. വിദേശ സർവകലാശാല വിഷയത്തിലെ വിവാദങ്ങൾക്ക് ഇന്ന് മറുപടി വരുത്തിയേക്കും. വിദേശ സർവകലാശാലകൾ കൊണ്ടുവരുന്ന കാര്യത്തിൽ സർക്കാർ പിന്നോട്ട് പോകാൻ സാധ്യത. സിപിഐ മന്ത്രിമാരുടെ പരാതികൾക്ക് ഇന്ന് മറുപടി ഉണ്ടായേക്കും. കർഷകർ നേരിടുന്ന വെല്ലുവിളികളാണ് അടിയന്തര പ്രമേയമായി പ്രതിപക്ഷം സഭയിൽ ഉയർത്തുക.

അതേസമയം കടമെടുപ്പ് പരിധി വെട്ടിക്കുറച്ച വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരുമായി കേരളം വ്യാഴാഴ്ച ചര്‍ച്ച നടത്തും. ചര്‍ച്ചകള്‍ക്കായി നാലംഗ സംഘമാണ് കേരളത്തില്‍ നിന്നു ഡല്‍ഹിക്കു പോകുന്നത്. കേരളാ സംഘത്തെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നയിക്കും. വൈകിട്ട് നാലുമണിക്കാണ് ചര്‍ച്ച. കടമെടുപ്പ് പരിധിയില്‍ കേരളവും കേന്ദ്രവും തമ്മില്‍ ചര്‍ച്ച നടത്താമെന്നു സുപ്രീംകോടതിയില്‍ സമവായമായതിനേത്തുടര്‍ന്നാണ് കേരളാ സംഘത്തെ പ്രഖ്യാപിച്ചത്.

സംഘത്തില്‍ ധനമന്ത്രിക്കു പുറമേ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ എം എബ്രഹാം, ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍ കെ അഗര്‍വാള്‍, അഡ്വക്കേറ്റ് ജനറല്‍ ആര്‍ കെ ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരാണ് മറ്റംഗങ്ങള്‍. ചര്‍ച്ച നടത്തി സമവായത്തിലൂടെ പ്രശ്‌നപരിഹരിക്കണമെന്നുള്ള സുപ്രീംകോടതി നിര്‍ദേശം കേന്ദ്ര സര്‍ക്കാരും സംസ്ഥാനവും അംഗീകരിച്ചതോടെയാണ് ചര്‍ച്ചയ്ക്ക് കളമൊരുങ്ങിയത്.