ദൂരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഗായിക ജാഗി ജോണിന്റേത് കൊലപാതകമല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂന്ന് മണിയോടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യും. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി.
ഹൃദയ സംബന്ധമായ രോഗങ്ങളാല്‍ ദീര്‍ഘനാളായി ചികിത്സയിലായിരുന്നു ജാഗി ജോണ്‍. അതുകൊണ്ട് തന്നെ മരണകാരണം ഹൃദയാഘാതം ആയിരിക്കുമെന്നാണ് പൊലീസ് നിഗമനം. സംശയകരമായ രീതിയില്‍ ഒന്നും തന്നെ വീട്ടില്‍ നിന്നും പൊലീസിന് കണ്ടെത്താനായിട്ടില്ല. സിസിടിവി പൊലീസ് പരിശോധിച്ച് വരികയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതശരീരം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.
ഇന്നലെ വൈകിട്ട് നാല് മണിയോടെ കുറവന്‍കോണത്തെ വസതിയിലാണ് ജാഗി ജോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവ് മുഖേന ഡോകടറാണ് വിവരം പൊലീസിന് കൈമാറിയത്. അടുക്കളയില്‍ കമിഴ്ന്ന് കിടക്കുന്ന തരത്തിലാണ് മൃതശരീരം. പച്ചക്കറി അവശിഷ്ടങ്ങളും സമീപത്ത് ഉണ്ടായിരുന്നു. വര്‍ഷങ്ങളായി അമ്മയ്ക്കൊപ്പമാണ് ജാഗി ജോണിന്റെ താമസം. ഭര്‍ത്താവ് കൊച്ചിയിലാണ്. ഗായികയായും അവതാരികയായും പ്രശസ്തയായ ജാഗി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഒരു വാണിജ്യ സ്ഥാപനവും ആരംഭിച്ചിരുന്നു.