India National

ഝാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍റെ പുതിയ മന്ത്രിസഭ ഡിസംബര്‍ 27ന് സത്യപ്രതിജ്ഞ ചെയ്തേക്കും

ഝാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ ഡിസംബര്‍ 27ന് സത്യപ്രതിജ്ഞ ചെയ്തേക്കും. പുതിയ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ പാര്‍ട്ടിയുടെ സ്ഥാപക നേതാവും അധ്യക്ഷനുമായ ഷിബു സോറന്‍റെ വസതിയില്‍ യോഗം ചേര്‍ന്ന ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ നിയമസംഭാംഗങ്ങള്‍ ഹേമന്തിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തു. പാര്‍ട്ടിയുടെ നിയമസഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസും ഇന്ന് യോഗം ചേരുന്നുണ്ട്.

ഝാര്‍ഖണ്ഡില്‍ പുതിയ സര്‍ക്കാരുണ്ടാക്കുന്നതിന് അവകാശവാദമുന്നയിച്ച് ജെ.എം.എം നേതാവ് ഹേമന്ത് സോറന്‍ ഇന്ന് ഗവര്‍ണറെ കണ്ടേക്കും. കാലത്ത് പാര്‍ട്ടിയുടെ അധ്യക്ഷന്‍ ഷിബുസോറന്‍റെ വസതിയില്‍ വിളിച്ചു ചേര്‍ത്ത യോഗം ഹേമന്തിനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. ഡിസംബര്‍ 27 നായിരിക്കും പുതിയ സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. റാഞ്ചിയിലെ മൊറാബാദി ഗ്രൌണ്ടില്‍ ചടങ്ങ് നടത്താന്‍ ജെ.എം.എം ആഗ്രഹിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഗവര്‍ണറുമായി നടത്തുന്ന കൂടിക്കാഴ്ചക്കു ശേഷമേ ഇത് സംബന്ധിച്ച അന്തിമ ചിത്രം വ്യക്തമാകാനിടയുള്ളൂ.

12 അംഗ മന്ത്രിസഭയില്‍ ആരൊക്കെയുണ്ടാവുമെന്ന ചര്‍ച്ചകള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ആറു മന്ത്രാലയങ്ങള്‍ ജെ.എം.എമ്മിനും അഞ്ചെണ്ണം കോണ്‍ഗ്രസിനും ഒന്ന് ആര്‍.ജെ.ഡിക്കും വീതിക്കാനാണ് നീക്കം നടക്കുന്നതെന്ന് സൂചനകളുണ്ട്. കോണ്‍ഗ്രസിന് സ്പീക്കര്‍ പദവിയും നല്‍കിയേക്കും. എന്‍.സി.പി, സി.പി.ഐ(എം.എല്‍) എന്നീ കക്ഷികള്‍ സര്‍ക്കാറിനെ പിന്തുണക്കുമെങ്കിലും അവര്‍ മന്ത്രിസഭയിലുണ്ടാവില്ല. ബി.ജെ.പിയുടെ സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി രഘുബര്‍ ദാസിനെ തോല്‍പ്പിച്ച മുന്‍ മന്ത്രി സരയൂ റായി സര്‍ക്കാറിന് പ്രശ്‌നാധിഷ്ഠിത പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതില്‍ പരാജയപ്പെട്ട ബാലുലാല്‍ മറാണ്ടിയുടെയും സുദേഷ് മഹാതോവിന്‍റെയും സംഘടനകള്‍ക്ക് പുതിയ സാഹചര്യത്തില്‍ പ്രത്യേകിച്ച് രാഷ്ട്രീയ പ്രാധാന്യമൊന്നുമില്ല. വിഷയാധിഷ്ഠിതമായി ഇവരും സര്‍ക്കാറിനൊപ്പം നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.