India Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ഒന്നാംപ്രതി എസ്.ഐ കെ.എ സാബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇടുക്കി എസ്.പി ആയിരുന്ന കെ.ബി വേണുഗോപാലിനെ അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും. രാജ്കുമാറിന്റെ കസ്റ്റഡി കൊലപാതകത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും.

നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാറിന്റെ കസ്റ്റഡി കൊലപാതകത്തില്‍ ഒന്നാം പ്രതി എസ്.ഐ കെ.എ സാബുവിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ കൂടുല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. കസ്റ്റഡി കാലാവധി കഴിഞ്ഞ ശേഷം ക്രൈംബ്രാഞ്ച് സംഘം എസ്.ഐ സാബുവിനെ ദേവികുളം ജയില്‍ അധികൃതര്‍ക്ക് കൈമാറി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇടുക്കി മുന്‍ എസ്.പി കെ.ബി വേണുഗോപാലിനെയും ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും. അന്വേഷണ സംഘം അതിനായി പ്രത്യേക അനുമതി തേടും. പ്രതി രാജ്കുമാറിനെ മര്‍ദ്ദിച്ചത് ഒന്‍പത് പേര്‍ അടങ്ങുന്ന സംഘമെന്നാണ് രാജ്കുമാറിന്റെ കൂട്ട് പ്രതികളായ ശാലിനിയും മഞ്ജുവും മൊഴി നല്‍കിയത്. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴികള്‍ ക്രൈം ബ്രാഞ്ച് വിശദമായി രേഖപ്പടുത്തിയിരുന്നു. മൊഴികളിലെ വൈരുധ്യം കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്ന സൂചനയാണ് നല്‍കുന്നത്. കേസില്‍ റിമാന്‍ഡിലായ എ.എസ്.ഐ റെജിമോന്‍ ഡ്രൈവര്‍ നിയാസ് എന്നിവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിന് ക്രൈംബ്രാഞ്ച് സംഘം വരുംദിവസങ്ങളില്‍ അപേക്ഷ നല്‍കും.