ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തുപകരാൻ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് നാളെ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ഇതോടെ വിമാനവാഹിനി നിർമിക്കുന്ന രാജ്യത്തെ ആദ്യ കപ്പൽശാലയെന്ന നേട്ടം കൊച്ചി ഷിപ്യാഡിന് സ്വന്തം.
262 മീറ്റർ നീളം 59 മീറ്റർ ഉയരം 30 എയർ ക്രാഫ്റ്റുകൾ ഒരു സമയം കപ്പലിൽ നിർത്തിയിടാം.രാജ്യത്ത് നിർമിച്ചതിൽ വച്ച് ഏറ്റവും വലിയ വിമാന വാഹിനി യുദ്ധ കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. രണ്ട് ഫുട്‌ബോൾ കളിക്കളങ്ങളുടെ വലിപ്പമുണ്ട് കപ്പലിൻറെ ഫ്‌ലൈറ്റ് ഡെക്കിന്. നിർമാണത്തിനായി ഉപയോഗിച്ചതിൽ 76 ശതമാനവും ഇന്ത്യൻ നിർമിത വസ്തുക്കൾ.
2007ൽ തുടങ്ങിയതാണ് ഐഎൻഎസ് വിക്രാന്തിൻറെ നിർമാണം. 15 വർഷം കൊണ്ട് ചെലവായത് 20,000 കോടി രൂപ. പ്രധാനമന്ത്രി കപ്പൽ രാജ്യത്തിന് സമർപ്പിക്കുന്നതോടെ ഐ എൻ എസ് വിക്രാന്ത് ഔദ്യോഗികമായി ഇന്ത്യൻ നാവികസേനയുടെ ഭാഗമാകും. ഇനി ഒരു യുദ്ധമുണ്ടായാൽ, പോർമുനയിൽ ഇന്ത്യൻ സൈന്യത്തിന്റെ നട്ടെല്ലാകാൻ പോകുന്ന കപ്പൽ.