Kerala

ധീരജിന്റെ കൊലപാതകം; പോസ്റ്റ്മോർട്ടം ഇന്ന്, മൃതദേഹം നാളെ സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ട് പോകും

എസ് എഫ് ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. ശേഷം മൃതദേഹം നാളെ രാവിലെ ചെറുതോണിയിൽ നിന്ന് സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ട് പോകും. സംഭവത്തില്‍ ചെറുതോണി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. അതേസമയം ഇടുക്കി ഗവ. എൻജിനീയറിംഗ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചെന്ന് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. എസ് എഫ് ഐ പ്രവർത്തകൻ കൊല്ലപ്പെട്ടത് ദുഃഖകരമെന്ന് മന്ത്രി പ്രതികരിച്ചു. പുറത്തുനിന്നുള്ളവർ ക്യാമ്പസിനകത്ത് ആക്രമണം നടത്തുന്നത് ഗൗരവതരമെന്നും മന്ത്രി പറഞ്ഞു.

സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് കെ എം സച്ചിന്‍ ദേവ് അറിയിച്ചു. ഇതിനിടെ എറണാകുളം മഹാരാജാസ് കോളജിൽ കെ എസ് യു പ്രവർത്തകർക്ക് മർദനം. ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ എസ്എഫ്ഐയുടെ പ്രതിഷേധത്തിനിടെയാണ് മർദനമേറ്റത്. പത്ത് കെ എസ് യു പ്രവർത്തകർക്ക് പരുക്കേറ്റു.

അതേസമയം ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സാങ്കേതിക സര്‍വലാശാല റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി എടുക്കുമെന്ന് പിവിസി ഡോ. അയൂബ് ട്വന്റിഫോറിനോട് പ്രതികരിച്ചു.