Kerala Weather

കാലവര്‍ഷം എത്തുംമുന്‍പേ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു

ജലനിരപ്പ് ക്രമാതീതമായി വർധിച്ചാല്‍ മഴക്കാലത്ത് ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടായേക്കും.

മഴക്കാലം അടുക്കാനിരിക്കെ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയർന്നുതന്നെ. ഇടുക്കി ഡാമിലെ ജലം ഉപയോഗിച്ചുള്ള മൂലമറ്റത്ത് നിന്നുള്ള വൈദ്യുതി ഉല്‍പാദനത്തില്‍ കുറവുണ്ടായതും വേനല്‍മഴ കനത്തതും ജലനിരപ്പ് ഉയർന്നുനില്‍ക്കാന്‍ കാരണമാണ്. ജലനിരപ്പ് ക്രമാതീതമായി വർധിച്ചാല്‍ മഴക്കാലത്ത് ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടായേക്കും.

ഇടുക്കി അണക്കെട്ടില്‍ ഇപ്പോള്‍ ഉള്ളത് 43 ശതമാനം വെള്ളം. മഹാപ്രളയം ഉണ്ടായ 2018ല്‍ ഇതേദിവസം ഇടുക്കി ഡാമില്‍ ഉണ്ടായിരുന്നത് 35 ശതമാനം വെള്ളം മാത്രമാണ്. 2019 ജൂണ്‍ ആദ്യം 19.5 ശതമാനം വെള്ളമാണ് ഇടുക്കി ഡാമില്‍ ഉണ്ടായിരുന്നത്. 2018ല്‍ ഇതേദിവസം വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന കെഎസ്ഇബി അണക്കെട്ടുകളില്‍ 33 ശതമാനം വെള്ളമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്നത് 36 ശതമാനം ആയി ഉയർന്നിട്ടുണ്ട്. ഇടുക്കി മൂലമറ്റം പവർ ഹൌസില്‍നിന്നുള്ള വൈദ്യുതി ഉല്‍പാദനത്തില്‍ ഗണ്യമായ കുറവാണ് ഇപ്പോഴുള്ളത്. 130 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ആറു ജനറേറ്ററുകളില്‍ മൂന്ന് എണ്ണം മാത്രമാണ് പ്രവർത്തനക്ഷമം. ആറ് ജനറേറ്ററുകള്‍ പൂർണ തോതില്‍ ഉല്‍പാദിപ്പിക്കേണ്ടത് 18.72 ദശലക്ഷം യുണിറ്റ് വൈദ്യുതിയാണ്. എന്നാല്‍ ഇപ്പോള്‍ ഉല്‍പാദനം വെറും 8.46 ദശലക്ഷം യൂണിറ്റ് മാത്രം.

ലോക് ഡൌണ്‍ വന്നതോടെ വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന വൈദ്യുതിയില്‍ കുത്തനെ ഇടിവുണ്ടായി. മഴക്കാലമെത്താന്‍ 21 ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. കാലവർഷം ഇത്തവണ ശക്തമാകുമെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കി കഴിഞ്ഞു.