India Kerala

മുനമ്പത്ത് നിന്നും അഭയാര്‍ത്ഥികള്‍ പോയതായി സൂചനമാത്രം; ബോട്ട് കണ്ടെത്താനുള്ള ശ്രമം തുടരുന്നു

മുനമ്പം ഹാര്‍ബറില്‍ നിന്ന് അഭയാര്‍ത്ഥികള്‍ പോയതായി സംശയിക്കുന്ന ദയമാതാ ബോട്ട് കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊര്‍ജിതമാക്കി. ചെറായിയിലെ റിസോര്‍ട്ടുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. തമിഴ്‌നാട് ക്യൂബ്രാഞ്ചും മുനമ്പത്തെത്തി അന്വേഷണം നടത്തുന്നുണ്ട്.

മുനമ്പം മാല്യക്കര ഹാര്‍ബര്‍ വഴി ബോട്ടില്‍ ചിലര്‍ പോയതായി സൂചനകള്‍ ലഭിച്ചെങ്കിലും ക്യത്യമായ തെളിവുകളൊന്നും തന്നെ പൊലീസിന് ഇതുവരെയും ലഭിച്ചിട്ടില്ല. അന്വേഷണ സംഘം ഇന്നും ചെറായിയിലെ ചില റിസോര്‍ട്ടുകളിലെ സി.സി.ടി.വി ദ്യശ്യങ്ങളടക്കം പരിശോധന നടത്തുന്നുണ്ട്.

ഉപേക്ഷിക്കപ്പെട്ട ബാഗില്‍ നിന്ന് ലഭിച്ച ചില രേഖകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ഡല്‍ഹി സ്വദേശികളുടെ ചില രേഖകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റിസോര്‍ട്ടുകളില്‍ താമസിച്ച ഡല്‍ഹിക്കാരെ സംബന്ധിച്ചാണ് അന്വേഷണം നടത്തുന്നത്. ചില ഫോട്ടോകള്‍ ബാഗില്‍ നിന്നും ലഭിച്ചിരുന്നു. ഇവരുമായി സാദ്യശ്യമുള്ളവര്‍ സി.സി.ടി.വി ദ്യശ്യങ്ങളിലുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

മാല്യകര ഹാര്‍ബറില്‍ നിന്നും കൂടുതല്‍ ഇന്ധനം നിറച്ച് പോയ ദയമാതാ ബോട്ട് ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഈ ബോട്ടില്‍ കണക്കില്‍ കൂടുതല്‍ ഇന്ധനം നിറയ്ക്കുകയും ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.