Kerala

ഇടുക്കി നിർമ്മാണ നിരോധനം: സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി

ഇടുക്കി ജില്ലയില്‍ നിലനില്‍ക്കുന്ന നിര്‍മ്മാണ നിരോധനത്തിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി. സർക്കാർ ഇതിനായി പ്രത്യേക നിയമ നിർമ്മാണം നടത്തണം. പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ അത് നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.

1964ലെ ഭൂപതിവ് ചട്ടം ഖണ്ഡിക 4 അനുസരിച്ച് പട്ടയം ലഭിച്ച ഭൂമിയില്‍ കൃഷിക്കും വീട് വക്കുന്നതിനും മാത്രമാണ് അനുമതി. 93ലെ പ്രത്യേക ചട്ടം ഖണ്ഡിക 3 അനുസരിച്ച് കൃഷിക്കും, വീട് വക്കുന്നതിനും ചെറിയ ഷോപ്പ് സൈറ്റുകള്‍ക്കുമാണ് അംഗീകാരം. എന്നാല്‍ ഇവിടെ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള നിര്‍മ്മാണങ്ങളും ഉണ്ടായതോടെ ഇത് നിയമ വിരുദ്ധമായി കണക്കാക്കി ഇത്തരം നിര്‍മ്മാണങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി 2019ല്‍ ഉത്തരവിറക്കുകയും തുടര്‍ന്ന് ഇത് ഇടുക്കി ജില്ലയിലെ എട്ട് വില്ലേജുകളില്‍ മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു.

നിര്‍മ്മാണ നിരോധന ഉത്തരവ് നടപ്പിലാക്കാന്‍ സുപ്രീം കോടതി തന്നെ ആവശ്യപ്പെടുന്ന അവസ്ഥയില്‍ എത്തിയതോടെയാണ് നിയമ നിര്‍മ്മാണം നടത്തി പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന ആവശ്യവുമായി ഹൈറേഞ്ച് സംരക്ഷണ സമതി രംഗത്തെത്തിയിരിക്കുന്നത്. സമര പരിപാടികളുമായി മുമ്പോട്ട് പോകാനാണ് സമതിയുടെ തീരുമാനം. ഇത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുമെന്നും. വരുന്ന നിയമ സഭാ തെരഞ്ഞടുപ്പില്‍ പ്രതിഫലിക്കുമെന്നും ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ വ്യക്തമാക്കി.

കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവടങ്ങളില്‍ കാര്‍ഷിക ഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി വകമാറ്റുന്നതിന് സഹായകരാമയ നിയമങ്ങള്‍ നിലവിലുണ്ട്. സമാനമായ രീതിയില്‍ കേരളത്തിലും പുതിയ ചട്ടങ്ങള്‍ ഉണ്ടാകണമെന്നാണ് ആവശ്യം. അതിനായി സര്‍വകക്ഷി യോഗം വിളിച്ച് അടയിന്തിര നടപടി സ്വീകരിക്കണമെന്നും സമതി ആവശ്യപ്പെടുന്നുണ്ട്.