India Kerala

മൂന്ന് ദിവസം കൂടി ശക്തമായ മഴ; ആറു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് മഴക്ക് കാരണം. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിതീവ്രമഴ അനുഭവപ്പെടില്ല. ആറു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. തെക്ക് പടിഞ്ഞാറന്‍ കാറ്റിന്റെയും ന്യൂനമര്‍ദ്ദത്തിന്റെയും ഫലമായി മൂന്ന് ദിവസം അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ആലപ്പുഴ ,എറണാകുളം ഇടുക്കി,മലപ്പുറം,വയനാട്,കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്. കേരളത്തിനാകെ വ്യാപക മഴയുണ്ടാകും. ഇന്ന് ആലപ്പുഴ, എറണാകുളം ജില്ലകളിലും നാളെ ഇടുക്കി,മലപ്പുറം ജില്ലകളിലേക്കും മഴ വ്യാപിക്കും. 24 മണിക്കൂറില്‍ 15 സെന്റിമീറ്റര്‍ വരെ പ്രതീക്ഷിക്കുന്നതിനാല്‍ മഴ അതിതീവ്രമാകില്ല.

തെക്കന്‍ ജില്ലകളില്‍ താരതമ്യേന മഴ കുറവായിരിക്കും, വടക്കന്‍ മേഖലയില്‍ ഒറ്റപ്പെട്ട മഴയാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ദിവസം കഴിയുന്നതോടെ മഴ കുറയുമെന്നാണ് പ്രവചനം. ഇന്ന് കേരള തീരത്ത് വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.