Kerala

പത്തനംതിട്ടയിലും കൊല്ലത്തും കനത്ത മഴയും കാറ്റും; മരം വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

തെക്കന്‍ കേരളത്തില്‍ കനത്ത മഴയിലും കാറ്റിലും നാശനഷ്ടം. കൊട്ടാരക്കരയിൽ റബർമരം വീണ് വീട്ടമ്മ മരിച്ചു. ഇഞ്ചക്കാട് സ്വദേശിനി ലളിതകുമാരി (62)ആണ് മരിച്ചത്. മഴ കഴിഞ്ഞ് വീടിനു പുറത്തേക്ക് ഇറങ്ങിയപ്പോൾ രണ്ട് റബർ മരങ്ങൾ കടപുഴകി വീഴുകയായിരുന്നു. ഇതിനിടയിൽപ്പെട്ട ലളിതകുമാരിയെ ഉടൻതന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അടൂരിൽ മരംവീണ് സ്കൂട്ടർ യാത്രക്കാരനും ജീവൻ‌ നഷ്ടമായി. നെല്ലിമുകൾ സ്വദേശി മനുമോഹൻ (32) ആണ് മരിച്ചത്. ചൂരക്കോട് കളത്തട്ട് ജംക്‌ഷനിലായിരുന്നു അപകടം. സ്കൂട്ടറിൽ പോവുകയായിരുന്നു മനുവിന്റെ ദേഹത്ത് മരം വീഴുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. ഈ പ്രദേശത്തെ ഗതാഗതം തടസപ്പെട്ട നിലയിലാണ്.

ഇതിനിടെ കനത്ത മഴയിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണു. ഏനാത്ത് വീടിന്റെ മേൽക്കൂര പറന്നുപോയി. പൊലിക്കോട് പെട്രോൾ പമ്പിന്റെയും 6 വീടുകളുടെയും മേൽക്കൂര തകർന്നിട്ടുണ്ട്. ആയൂരിൽ കശുവണ്ടി ഫാക്ടറിയുടെ മേൽക്കൂര പറന്ന് മറ്റൊരു വീടിനുമുകളിൽ വീണു. വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊട്ടാരക്കര റെയിൽവേ സ്റ്റേഷനോട് ചേർന്ന ഭാഗത്ത് മരങ്ങൾ കടപുഴകി വീണ് ട്രെയിൻഗതാഗതവും തടസപ്പെട്ടു.