Kerala

വൈറസ് എങ്ങോട്ടും പോകുന്നില്ല; വൈറസിനൊപ്പമുള്ള ജീവിതം ശീലമാക്കണം

കോവിഡിന് മുമ്പുള്ള കാലത്തേക്കുള്ള മടങ്ങിപ്പോക്കിന് പകരം, കുറേകാലത്തേക്കെങ്കിലും വൈറസിനൊപ്പം ജീവിക്കാന്‍ പഠിക്കലാണ് നമുക്ക് ചെയ്യാനുള്ളത്

കൊറോണ വൈറസിന്‍റെ ഭീഷണി ഉടനെയൊന്നും ലോകത്തില്‍ നിന്ന് നീങ്ങില്ലെന്നാണ് ലോകാരോഗ്യ സംഘടനയും ആരോഗ്യവിദഗ്ധരും പ്രവചിക്കുന്നത്. അതുകൊണ്ട് തന്നെ കോവിഡിന് മുമ്പുള്ള കാലത്തേക്കുള്ള മടങ്ങിപ്പോക്കിന് പകരം, കുറേകാലത്തേക്കെങ്കിലും വൈറസിനൊപ്പം ജീവിക്കാന്‍ പഠിക്കലാണ് നമുക്ക് ചെയ്യാനുള്ളത്. ലോകത്തിന്‍റെ മുഖം മാസ്കിനുള്ളിള്‍ മറഞ്ഞിട്ട് മാസങ്ങളാകുന്നു. വായും, മൂക്കും മറച്ചുള്ള ഈ നടപ്പ് ഇനിയും ഏറെക്കാലം തുടരേണ്ടിവരുമോ? കൊവിഡ് കാല നിയമമാണ് ശാരീരിക അകലം. അസാധാരണ സാഹചര്യം നേരിടാനുള്ള അസാധാരണ നടപടി.

പക്ഷെ, ശാരീരിക അകലം ഒരു സാധാരണ ലോകക്രമമായി മാറുമോ? നിരന്തരം കൈ കഴുകി, പരിസരം അണുവിമുക്തമാക്കി കൂട്ടം കൂടലില്ലാതെയുള്ള ലോക്ഡൌണ്‍ കാല ജീവിതം പുതിയ ലോകക്രമത്തിലേക്കുള്ള പരിശീലനക്കളരി മാത്രമായിരുന്നോ? ആണെന്ന് പറയുന്നു വിദഗ്ധര്‍. എല്ലാക്കാലത്തും അടച്ചുപൂട്ടിയിരിക്കാനാവാത്തതിനാല്‍ നമ്മള്‍ പതുക്കെ പുറത്തേക്കിറങ്ങാനൊരുങ്ങുകയാണ്.

പക്ഷെ, വൈറസ് എവിടേക്കും പോകുന്നില്ല. വൈറസും നമ്മളും തമ്മിലെ ഒളിപ്പോരില്‍ അതിജയിക്കണമെങ്കില്‍ കൊവിഡ്കാല ശീലങ്ങള്‍ കയ്യൊഴിയരുത്. രോഗം എന്നത് തീര്‍ത്തും വ്യക്തിപരമായ കാര്യമല്ലെന്ന് കൂടി ബോധ്യപ്പെടുത്തുന്നതാണ് മഹാമാരി. പൊതുഗതാഗതം, സമ്മേളനങ്ങള്‍, സ്കൂളുകള്‍, ആരാധനാലയങ്ങള്‍, തീയറ്ററുകള്‍ ഉള്‍പ്പെടെ സാമൂഹ്യ ജീവിതത്തിലെ ഓരോ മേഖലയിലും വൈറസിനെ കരുതിക്കൊണ്ടുള്ള ശൈലികള്‍ രൂപപ്പെടുത്താന്‍ നിര്‍ബന്ധിതരാണ് നാം.