Kerala

നിയമ സഭയിലെ കൈയാങ്കളി കേസിൽ സർക്കാരിന് തിരിച്ചടി

നിയമ സഭയിലെ കൈയാങ്കളി കേസിൽ സർക്കാരിന് തിരിച്ചടി. കേസ് അവസാനിപ്പിക്കണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി. തിരുനന്തപുരം സിജെഎം കോടതിയാണ് സർക്കാരിന്റെ ആവശ്യം തള്ളിയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

കഴിഞ്ഞ ദിവസം കോടതി പരിഗണനയ്‌ക്കെടുത്ത കേസ് വിധി പറയാൻ ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. കേസ് പിൻവലിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ കോടതിയെ സമീപിച്ചിരുന്നു.

2015 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാർ കോഴ കേസിൽ ആരോപണ വിധേയനായ കെഎം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെ രണ്ട് ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നായിരുന്നു കുറ്റ പത്രത്തിൽ പറഞ്ഞിരുന്നത്. മാത്രമല്ല, ക്രൈംബ്രാഞ്ചായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. അന്ന് പ്രതിപക്ഷത്തുണ്ടായിരുന്ന 6 എംഎൽഎമാർക്കെതിരെയായിരുന്നു കേസ് എടുത്തിരുന്നത്.

എന്നാൽ, ഇടത് പക്ഷ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കേസ് തള്ളണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. ഈ ആവശ്യത്തിലാണ് സർക്കാരിന് തിരിച്ചടി ലഭിച്ചിരിക്കുന്നത്.