Kerala

സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു

ഓഗസ്റ്റ് 7ന് 42000 എന്ന റെക്കോർഡ് വിലയിൽ നിന്നും പവന് 4520 രൂപയാണ് കുറഞ്ഞത്

സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. സ്വർണ വില ഇന്ന് ഗ്രാമിന് 4685 രൂപയും പവന് 37480 രൂപയുമായി.

അന്താരാഷ്ട്ര സ്വർണ വില ട്രോയ് ഔൺസിന് 1965 ഡോളറും രൂപയുടെ വിനിമയ നിരക്ക് 73 രൂപയിലുമാണ്. ഓഗസ്റ്റ് 7ന് 5250, 42000 എന്ന റെക്കോർഡ് വിലയിൽ നിന്നും ഗ്രാമിന് 565 രൂപയും പവന് 4520 രൂപയുമാണ് കുറഞ്ഞത്. കഴിഞ്ഞ 26 ദിവസത്തിനിടെയാണ് വലിയ വിലക്കുറവിലേക്കെത്തിയത്. ഈ ദിവസങ്ങളിൽ അന്താരാഷ്ട്ര സ്വർണ വില 2081 ഡോളറിൽ നിന്നും 1965ലേക്ക് എത്തിയിട്ടുണ്ട്. 116 ഡോളറിന്റെ കുറവ് മാത്രമാണ് രേഖപ്പെടുത്തിയതെങ്കിലും രൂപ 74.89ൽ നിന്നും 72.96ലേക്കെത്തി കരുത്തായതാണ് ആഭ്യന്തര വിപണിയിൽ വലിയ വിലക്കുറവായി പ്രതിഫലിക്കുന്നത്. രൂപ വീണ്ടും കരുത്ത് പ്രകടിപ്പിച്ച് 72ലേക്ക് എത്തുമെന്നാണ് സൂചനകൾ.

ഓണവിപണി സജീവമായിരുന്നു. കഴിഞ്ഞ വർഷത്തെക്കാൾ 40 – 50 ശതമാനത്തോളം വില്പന കുറവായിരുന്നെങ്കിലും വിവാഹ സീസൺ ആരംഭിച്ചതിനാൽ വിപണി സജീവമാകുമെന്നാണ് പ്രതീക്ഷ.

അതേസമയം സ്വർണ വില നിർണയത്തിൽ, അനാവശ്യ വിവാദം അവസാനിപ്പിക്കണമെന്ന് ഓൾ കേരള ഗോൾഡ്‌ ആന്റ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (AKGSMA) ആവശ്യപ്പെട്ടു. സ്വർണ നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ 1990ൽ പിൻവലിച്ചതിന് ശേഷം വില നിശ്ചയിക്കുന്നതിന് ഓൾ കേരള ഗോൾഡ്‌ ആന്റ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ ഒരു മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട് അത് തന്നെയാണിപ്പോഴും പിൻതുടരുന്നത്.

എകെജിഎസ്എംഎ പ്രഖ്യാപിച്ച സ്വർണവിലയ്ക്കെതിരെ 100 രൂപ കുറച്ച് നിർണയിച്ച് വിപണിയിൽ അനാവശ്യ വിവാദമുണ്ടാക്കിയവർ പറഞ്ഞത് ലാഭത്തിൽ ഒരു വിഹിതം കുറച്ചു നൽകുന്നുവെന്നാണ്. എന്നാൽ ക്രമാതീതമായി വില വർദ്ധിച്ച് 5250 രൂപയിലേക്കെത്തിയപ്പോൾ ഒരിക്കൽ പോലും അവർ വില കുറയ്ക്കാൻ തയ്യാറായതുമില്ലെന്നതാണ് വിപണിയിൽ സംശയമുയർത്തിയത്. അവർക്ക് ലഭിക്കുന്ന സ്വർണത്തിന്റെ ലാഭമെത്രയാണെന്ന് വ്യക്തമാക്കണം. ബാങ്ക് നിരക്കിൽ നികുതി നൽകി സ്വർണം വാങ്ങുന്നവർക്ക് പണിക്കൂലിയിൽ മാത്രമാണ് നാമമാത്ര ലാഭം ലഭിക്കുന്നത് എന്നതാണ് യാഥാർഥ്യമെന്നും എകെജിഎസ്എംഎ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെ സ്വർണാഭരണ വ്യാപാര മേഖലയിൽ ഹാൾമാർക്കിംഗ്, ഈ വേ ബിൽ, അനുമാന നികുതി സംബന്ധിച്ച ആംനസ്റ്റി സ്കീം, സ്വർണ തൊഴിലാളി ക്ഷേമനിധി തുടങ്ങിയ ഒട്ടേറെ പ്രതിസന്ധികളിലും സമരമുഖങ്ങളിലും ഒരിക്കലും രംഗത്തില്ലാതിരുന്നവർ തങ്ങളും ഈ രംഗത്തുണ്ടെന്നറിയിക്കാനാണ് വിലക്കുറവ് വിവാദമുണ്ടാക്കിയത്. ആരോടെങ്കിലുമുള്ള പകയുടെയോ വിദ്വേഷത്തിന്റെയോ പേരിൽ സ്വർണ വിപണിയെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ഓൾ കേരള ഗോൾഡ്‌ ആന്റ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന ട്രഷററും ജിജെസി ദേശീയ ഡയറക്ടറുമായ എസ്.അബ്ദുൽ നാസർ ആവശ്യപ്പെട്ടു.