Kerala

വയനാട്ടില്‍ ഭക്ഷ്യവിഷബാധ; കമ്പളക്കാട്ടെ ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

തിരുവനന്തപുരത്ത് നിന്ന് വയനാട്ടില്‍ എത്തിയ വിനോദ സഞ്ചാരികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തെതുര്‍ന്ന് ഹോട്ടലില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. വയനാട് കമ്പളക്കാട് സ്വകാര്യ ഹോട്ടലില്‍ നിന്നാണ് ഇവര്‍ ഭക്ഷണം കഴിച്ചത്. ഇവിടെ ആര്യോഗവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്കായി സംഘം സാമ്പിളുകള്‍ ശേഖരിച്ചു.

എന്നാല്‍ ഇന്നലെ അങ്ങനെ പുറത്തു നിന്നെത്തിയവര്‍ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് ഹോട്ടലുടമയും മൊഴി നല്‍കി. ഭക്ഷ്യ ബാധയെ തുടര്‍ന്ന് ആറ് പേരെ കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. 23 അംഗ വിനോദ സഞ്ചാരി സംഘത്തില്‍ 18 പേര്‍ക്ക് അസ്വസ്ഥത ഉണ്ടായി. നാല് പേര്‍ക്ക് അവശത അനുഭവപ്പെട്ടു. ഭക്ഷ്യവിഷ ബാധയേറ്റത് ഈ ഹോട്ടലില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. മേപ്പാടിയിലുള്ള ഹോട്ടലില്‍ നിന്നും സംഘം ഭക്ഷണം കഴിച്ചിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച കാസര്‍കോട് ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ് പോയിന്റില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാകുകയും ഒരു വിദ്യാര്‍ത്ഥി മരിച്ചതും വലിയ വാര്‍ത്തയായിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കണ്ണൂര്‍ കരിവെള്ളൂര്‍ പെരളം സ്വദേശി ദേവനന്ദയാണ് മരിച്ചത്. മൂന്ന് പേര്‍ പരിയാരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയിലാണ്. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. ഒരു കുട്ടിയുടെ വൃക്കയ്ക്ക് തകരാറും മറ്റ് കുട്ടിക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമുണ്ട്. ഇവരുടെ ചികിത്സയ്ക്കായി അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തി. നാല് കുട്ടികള്‍ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.