Kerala

രാത്രി വൈകിയും ഏറ്റുമുട്ടി പ്രവര്‍ത്തകര്‍; വിമാനത്തിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ തുടര്‍ക്കഥയായി അക്രമങ്ങള്‍

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ, സംസ്ഥാനത്ത് സിപിഐഎം കോണ്‍ഗ്രസ് സംഘര്‍ഷം തുടരുന്നു. രാത്രി വൈകിയും വിവിധയിടങ്ങളില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സിപിഐഎം പ്രവര്‍ത്തകര്‍ കെപിസിസി ആസ്ഥാനം ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കും.

സമീപകാല രാഷ്ട്രീയകേരളം കണ്ടിട്ടില്ലാത്ത സംഘര്‍ഷം. വിമാനത്തിനകത്ത് മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് പിന്നാലെ ആരംഭിച്ച സിപിഐഎം കോണ്‍ഗ്രസ് തെരുവുയുദ്ധം രാത്രി വൈകിയും നീണ്ടു. തിരുവനന്തപുരത്തും കണ്ണൂരും വ്യാപക ആക്രമം.
കണ്ണൂര്‍ ഡിസിസി ഓഫിസിലേക്ക് കല്ലേറുണ്ടായി.

പയ്യന്നൂര്‍ തലശേരി തളിപ്പറമ്പ് എന്നിവിടങ്ങളിലും കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഇരിട്ടിയില്‍ യൂത്ത്‌കോണ്‍ഗ്രസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. തിരുവനന്തപുരം പൗഡിക്കോണത്ത് കോണ്‍ഗ്രസ് ഓഫിസിന് മുന്നിലെ ബോര്‍ഡുകള്‍ സിപിഐഎം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.

കിളിമാനൂരില്‍ കെഎസ്‌യു, യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാവേലിക്കര എംഎല്‍എ അരുണ്‍കുമാറിന്റെ വാഹനം തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചു. ഇടുക്കി ഡിസിസി പ്രസിഡന്റിനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി.

കെപിസിസി ആസ്ഥാനത്തിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കും. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സിന്‍ മജീദ് ജോലി ചെയ്യുന്ന സ്‌കൂളിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധമാര്‍ച്ച് നടത്തും. കണ്ണൂരും തിരുവനന്തപുരത്തും നേതാക്കളുടെ വീടുകള്‍ക്ക് സുരക്ഷ ശക്തമാക്കി. സംഘര്‍ഷം ഇന്നും തുടരുമെന്ന വിലയിരുത്തലില്‍
സംസ്ഥാന വ്യാപകമായി പൊലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.