Kerala

ഗവർണർ ഭരണസ്തംഭനം ഉണ്ടാക്കുന്നു, നീതി തേടിയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്; ഇ.പി ജയരാജൻ

ഗവർണർ ഭരണസ്തംഭനം ഉണ്ടാക്കുകയാണെന്നും നീതി തേടിയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതെന്നും എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. ജനങ്ങളുടെ താൽപ്പര്യമാണ് സുപ്രീംകോടതിക്ക് മുൻപിൽ അവതരിപ്പിച്ചിരിക്കുന്നത്. ഭരണം സുഗമമായി മുന്നോട്ട് പോകണം. അതിന് നിയമസഭ പാസാക്കുന്ന നിയമം ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ‌ അംഗീകരിക്കണം. ഗവർണറാണ് തെറ്റ് തിരുത്തേണ്ടത്. സുധാകരൻ്റെ പ്രസ്താവന ഇടത് പക്ഷ വിരുദ്ധ അപസ്മാരം ബാധിച്ചത് മൂലമാണെന്നും അദ്ദേഹം പരിഹസിച്ചു.

ഗവർണർക്കെതിരെ കേരളം സുപ്രിം കോടതിയിൽ പോയത് ശരിയായ നടപടിയല്ലെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ പ്രതികരിച്ചു. ഗവർണറും സംസ്ഥാന സർക്കാരും ജനാധിപത്യത്തിന് വിരുദ്ധമായാണ് പ്രവർത്തിക്കുന്നത്. രണ്ടുപേരുടെയും പക്ഷം പിടിക്കാനില്ല. ഇരു കൂട്ടരും ഇല്ലാത്ത അധികാരങ്ങൾ പ്രയോഗിക്കാൻ ശ്രമിക്കുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.

കേരളത്തിലെ ദുരന്തമാണ് പിണറായി വിജയൻ. ഇത്ര അൽപനായ മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല. കേരളത്തിൻറെ പേരിൽ നടക്കുന്ന പച്ചയായ ധൂർത്തെന്നും കെ സുധാകരൻ ആരോപിച്ചു. ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരെയാണ് സർക്കാർ സുപ്രിം കോടതിയിൽ ഹർജി നൽകിയത്. 8 ബില്ലുകളാണ് ഒപ്പിടാതെ അനിശിതത്വം നേരിടുന്നത്. എട്ട് ബില്ലുകളിൽ ഗവർണർ തീരുമാനമെടുത്തിട്ടില്ല.

രണ്ട് ബില്ലുകളിൽ രണ്ട് വർഷത്തിലേറെയായി അടയിരിക്കുന്നു. മൂന്ന് ബില്ലുകൾ പിടിച്ചുവെച്ചിട്ട് ഒരു വർഷത്തിലേറെയായെന്നും ഹർജിയിൽ പറയുന്നു. സംസ്ഥാന ചീഫ് സെക്രട്ടറിയും ടി.പി രാമകൃഷ്ണനുമാണ് ഹർജി നൽകിയത്. നേരത്തെ തെലങ്കാന, പഞ്ചാബ്, തമിഴ്‌നാട് എന്നീ സംസ്ഥാന സർക്കാരുകളും ഗവർണമാർക്കെതിരെ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

200-ാം അനുച്ഛേദം അനുസരിച്ച് നിയമസഭ പാസാക്കി പരിഗണനക്ക് വിട്ട ബില്ലുകളിൽ ഗവർണർ എത്രയും വേഗം തീരുമാനമെടുക്കണം. ബില്ലുകൾ വൈകിപ്പിക്കുന്ന ഗവർണറുടെ നിലപാട് ഭരണഘടനയുടെ അടിസ്ഥാന ഘടനക്ക് വിരുദ്ധമാണ്. സദ്ഭരണ സങ്കൽപം അട്ടിമാറിക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു. ഗവർണറുടെ ഈ നടപടി ഭരണഘടന വിരുദ്ധമാണെന്നാണ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചത്.

ഗവർണർ ഭരണഘടനാനുസൃതമായി പ്രവർത്തിക്കണമെന്ന് മന്ത്രി പി രാജീവ് ആവശ്യപ്പെട്ടിരുന്നു. ഗവർണറുടേത് ജനാധിപത്യത്തിന് എതിരായ നീക്കം. നിയമസഭയുടെ അധികാരം പാലിക്കപ്പെടേണ്ടത് അനിവാര്യമാണ്. ഗവർണർ തടസം സൃഷ്‌ടിക്കുന്നു. ചട്ടങ്ങളിൽ നിന്നുകൊണ്ടാണ് നിയമസഭാ ബില്ലുകൾ പാസാക്കുന്നത്. ഗവർണർക്ക് സ്വന്തമായി തീരുമാനമെടുക്കാൻ ഭരണഘടന അനുവാദം നൽകുന്നില്ലെന്ന് പി രാജീവ് വ്യക്തമാക്കി.

സംസ്ഥാനത്തെ ജനങ്ങളുടെ അവകാശങ്ങളെയും ബില്ലുകളിലൂടെ സർക്കാർ ലക്ഷ്യമിട്ട ക്ഷേമ പ്രവർത്തനങ്ങളെയും തടസ്സപ്പെടുത്തുന്ന നിലപാടാണ് ഗവർണറുടേത് എന്നാണ് സുപ്രിം കോടതിയിൽ സംസ്ഥാന സർക്കാർ ഫയൽ ചെയ്ത ഹർജിയിലെ ആരോപണം. അനിശ്ചിതത്വം നേരിടുന്ന ബില്ലുകളിൽ മൂന്നെണ്ണം സർവ്വകലാശാല നിയമ ഭേദഗതി ബില്ലുകൾ ആണ്.