India Kerala

വേലി തന്നെ വിളവ് തിന്നുന്നു; മന്ത്രി മന്ദിരങ്ങളിലെ ശരാശരി വൈദ്യുതി ബില്ല് മൂന്ന് ലക്ഷം രൂപ

അമിത വൈദ്യുത ഉപഭോഗം കുറക്കുന്നതിനായി ബോധവത്കരണ പരിപാടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴും വേലി തന്നെ വിളവ് തിന്നുന്ന കാഴ്ചയാണ് മന്ത്രി മന്ദിരങ്ങളില്‍. ശരാശരി മൂന്ന് ലക്ഷത്തോളം രൂപയാണ് ഓരോ മന്ത്രി മന്ദിരങ്ങളിലും വൈദ്യുതി ബില്ലിനായി ചെലവഴിക്കുന്നത്. തൃശൂര്‍ വാടാനപ്പള്ളി സ്വദേശി വേണുഗോപാലിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ബില്ലുകള്‍ സംബന്ധിച്ച വിവരങ്ങളുള്ളത്.

സൂപ്പര്‍ താരങ്ങളെയടക്കം മോഡലുകളാക്കിയാണ് നിരവധി വര്‍ഷങ്ങളായി അമിത വൈദ്യുതി ഉപഭോഗത്തിനെതിരെ സര്‍ക്കാര്‍ പരസ്യങ്ങള്‍ ചിത്രീകരിക്കുന്നത്. സര്‍ക്കാര്‍ ഈ പരസ്യങ്ങള്‍ക്കായി മാത്രം ചെലവഴിച്ചത് 11 കോടിയോളം രൂപ. എന്നാല്‍ ഇത്ര വലിയ തുക ചെലവഴിച്ച് ബോധവത്കരണം നടത്തിയിട്ടും വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. 2016 ജൂണ്‍ മുതല്‍ 2018 ഡിസംബര്‍ വരെയുള്ള കാലയളവിലെ മാത്രം കണക്കുകള്‍ പ്രകാരം ശരാശരി മൂന്ന് ലക്ഷത്തോളം രൂപയാണ് ഓരോ മന്ത്രി മന്ദിരങ്ങളിലും വൈദ്യുതി ബില്ലിനായി മാസത്തില്‍ ചെലവഴിക്കുന്നത്.

ഒരു കോടി ഒരു ലക്ഷത്തി അറുപത്തി രണ്ടായിരത്തി എണ്ണൂറ്റി ഇരുപത്തെട്ട് രൂപയാണ് എല്ലാ മന്ത്രി മന്ദിരങ്ങളിലുമായി ഇതുവരെയും വൈദ്യുതി ബില്ലിനായി ചെലവഴിച്ചിരിക്കുന്നത്. എന്നാല്‍ ഇത് കാലാകാലങ്ങളായുള്ള കണക്കുകളാണെന്നും ഇതില്‍ അത്ഭുതപ്പെടാനുള്ള കാര്യമില്ലെന്നുമാണ് വൈദ്യുത മന്ത്രിയുടെ പ്രതികരണം.

43 ലക്ഷം രൂപ ടെലഫോണ്‍ ബില്ലിനായും 15 ലക്ഷത്തില്‍പരം രൂപ വാട്ടര്‍ ബില്ലിനത്തിലും മന്ത്രിമന്ദിരങ്ങളില്‍ ഇതുവരെ ചെലവഴിച്ചെന്നാണ് വിവരാവകാശ രേഖകള്‍ പറയുന്നത്. അമിത ചെലവുകള്‍ക്കെതിരെ ബോധവത്കരണമടക്കമുള്ള കാര്യങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ ഇത് മന്ത്രിമാര്‍ക്ക് കൂടി ബാധകമാക്കണമെന്ന ആവശ്യമാണുയരുന്നത്.