1963ലും 2021ലും പെട്രോള്‍ അടിച്ചതിന്റെ ബില്ല് പങ്കുവെച്ചാണ് ബാലചന്ദ്ര മേനോന്റെ വിമര്‍ശനം
സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്ന ഇന്ധന വിലയെ വിമര്‍ശിച്ച് സംവിധായകന് ബാലചന്ദ്രമേനോന്. 1963ലും 2021ലും പെട്രോള്‍ അടിച്ചതിന്റെ ബില്ല് പങ്കുവെച്ചാണ് ബാലചന്ദ്ര മേനോന്റെ വിമര്‍ശനം. 1963ല്‍ ലിറ്ററിന് 72 പൈസയായിരുന്ന പെട്രോളിന് ഇന്ന് 88 രൂപ.
നമ്മള് ‘പുരോഗമിക്കു’ന്നില്ലെന്ന് ആര് പറഞ്ഞു? സെഞ്ച്വറി ഉടനെ. ബജറ്റ് ദിനത്തില്‍ പ്രസക്തം. ദാറ്റ്സ് ഓള് യുവര്‍ ഓണര്‍ എന്നാണ് ബാലചന്ദ്ര മേനോന് ഫേസ് ബുക്കില്‍ കുറിച്ചത്.
പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകളെത്തി. ഹലോ ഇ.ഡി പേര് ബാലചന്ദ്ര മേനോന്, ഉടനെ ഒരു റെയ്ഡ് പ്രതീക്ഷിക്കാം എന്ന് കുറേ പേര് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അന്ന് ഒരു പവന് സ്വര്‍ണത്തിന് 49 രൂപയായിരുന്നു, ഇന്നോ എന്നാണ് ഒരാളുടെ ചോദ്യം. അന്നത്തെ ചെലവില്‍ ഇന്ന് സിനിമയെടുക്കാന്‍ കഴിയുമോ, പ്രേംനസീറിന്റെയും മമ്മൂട്ടിയുടെയും പ്രതിഫലം ഒന്നാണോ എന്നിങ്ങനെ പോസ്റ്റിന് താഴെ വാദപ്രതിവാദം കൊഴുക്കുകയാണ്.
ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പെട്രോൾ ലിറ്ററിന് രണ്ടര രൂപയും ഡീസലിന് 4 രൂപയുമാണ് വ൪ധിക്കുക. എക്സൈസ് തീരുവ കുറച്ചതിനാൽ ഇന്ധന വില താല്‍ക്കാലികമായി വർധിക്കില്ല. കാ൪ഷിക അടിസ്ഥാന വികസന സെസ് എന്ന പേരിലാണ് ബജറ്റിൽ കേന്ദ്രം ഇന്ധനത്തിന് പുതിയ സെസ് ഏ൪പ്പെടുത്തിയത്. എന്നാൽ സെസ് ഏ൪പ്പെടുത്തിയത് കേന്ദ്രത്തിന്റെ പ്രതികാര നടപടിയാണെന്ന് കോൺഗ്രസ് വിമ൪ശിച്ചു. ഫെഡറലിസത്തിനെതിരായ കടന്നുകയറ്റമാണ് നടക്കുന്നതെന്നും സെസ് ഏർപ്പെടുത്തിയതിലൂടെ സംസ്ഥാനങ്ങൾക്ക് ഒന്നും ലഭിക്കുന്നില്ലെന്നും പി ചിദംബരം പറഞ്ഞു.