India Kerala

പി ജയരാജന് വീണ്ടും പാര്‍ട്ടിയുടെ തിരുത്ത്

സി.പി.എം കണ്ണൂര്‍ മുന്‍ജില്ലാ സെക്രട്ടറി പി ജയരാജന് വീണ്ടും പാര്‍ട്ടിയുടെ തിരുത്ത്. ആന്തൂര്‍, പി.ജെ ആര്‍മി വിഷയങ്ങളിലാണ് പാര്‍ട്ടി തിരുത്ത്. ആന്തൂര്‍ വിഷയത്തില്‍ നഗരസഭ അധ്യക്ഷയെ വേദിയില്‍ ഇരുത്തി വിമര്‍ശിച്ചത് ശരിയായില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സമിതിയില്‍ പറഞ്ഞു. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പറയാന്‍ നവ മാധ്യമങ്ങളെ ഉപയോഗിക്കാതെ പാര്‍ട്ടി ഫോറങ്ങള്‍ ഉപയോഗിക്കണമെന്നും കോടിയേരി പറഞ്ഞു.

വ്യക്തിപൂജ വിവാദത്തില്‍ പാര്‍ട്ടി വിമര്‍ശനം ഏറ്റതിന് പിന്നാലെയാണ് വീണ്ടും പി ജയരാജനെ പാര്‍ട്ടി തിരുത്തുന്നത്. ആന്തൂര്‍, പി.ജെ ആര്‍മി വിഷയങ്ങളിലാണ് പി ജയരാജനെ കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തില്‍ പാര്‍ട്ടി തിരുത്തിയത്. ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ധര്‍മ്മശാലയില്‍ സി.പി.എം വിശദീകരണ യോഗം നടത്തിയപ്പോള്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയെ വേദിയില്‍ ഇരുത്തി പി ജയരാജന്‍ അവരെ വിമര്‍ശിച്ചിരുന്നു. ഇതിനെയാണ് പാര്‍ട്ടി തിരുത്തിയത്.

ശ്യാമളയെ വേദിയില്‍ ഇരുത്തി വിമര്‍ശിച്ചത് ശരിയായ നടപടി ആയിരുന്നില്ലെന്നും, ജനങ്ങള്‍ക്ക് മുന്നില്‍ നടപടി ഉറപ്പ് നല്‍കുന്നതിന് തുല്യമായിപ്പോയി അതെന്നും കോടിയേരി സംസ്ഥാന കമ്മിറ്റിയില്‍ പറഞ്ഞു. വീഴ്ച ഉദ്യോഗസ്ഥ തലത്തില്‍ ആയിരുന്നല്ലോ എന്നും കോടിയേരി സൂചിപ്പിച്ചു. ജയരാജനെ നിലപാടുകളെ ന്യായീകരിച്ച് പ്രത്യക്ഷപ്പെട്ട പി.ജെ ആര്‍മി എന്ന ഫെയ്‌സ് ബുക്ക് പേജുമായി ബന്ധപ്പെട്ടും വിമര്‍ശനം ഉണ്ടായി.

വിയോജിപ്പുകളും, വ്യത്യസ്തമായ അഭിപ്രായങ്ങളും ഉണ്ടാകും. എന്നാല്‍ അത് പറയാന്‍ മറ്റ് വേദികള്‍ ഉപയോഗിക്കരുത്, പാര്‍ട്ടി ഫോറങ്ങളില്‍ പറയേണ്ടത് പാര്‍ട്ടി ഫോറങ്ങളില്‍ തന്നെ പറയണമെന്നും കോടിയേരി സംസ്ഥാന സമിതിയില്‍ പറഞ്ഞു. പാര്‍ട്ടി വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ പി.ജെ ആര്‍മി എന്ന പേജിനെ തള്ളിപ്പറഞ്ഞ് ജയരാജന്‍ രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെ തന്നെ പേജും അപ്രത്യക്ഷമായി.