Kerala

കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ സര്‍വീസുകളും പുനഃരാരംഭിക്കുന്നതില്‍ പ്രതിസന്ധി

കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ സര്‍വീസുകളും പഴയപടിയാക്കുന്നതില്‍ പ്രതിസന്ധി. എല്ലാ സര്‍വീസുകളും തുടങ്ങാനുള്ള തീരുമാനം നടപ്പായില്ല. കട്ടപ്പുറത്തിരിക്കുന്ന ബസുകളുടെ പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പ്രതിസന്ധിയുണ്ടാക്കുന്നു. പഴയപടി സര്‍വീസ് നടത്താന്‍ സമയമെടുക്കുമെന്നാണ് സോണല്‍ മേധാവികള്‍ അറിയിക്കുന്നത്.

കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിയ സര്‍വീസുകള്‍ പൂര്‍ണമായും പുനഃരാരംഭിക്കണമെന്ന് കഴിഞ്ഞദിവസമാണ് സിഎംഡി നിര്‍ദേശം നല്‍കിയത്. സര്‍വീസുകള്‍ ജനുവരിയോടെ പൂര്‍ണതോതില്‍ നടത്തണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ നിലവില്‍ അതിന് സാധിക്കില്ലെന്നാണ് സോണല്‍ മേധാവികള്‍ അറിയിക്കുന്നത്. സര്‍വീസുകള്‍ പഴയരീതിയാകുന്നതിന് സമയമെടുക്കുമെന്നാണ് വിവരം.

ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് ജില്ലകളിലും, സൂപ്പര്‍ ഫാസ്റ്റുകള്‍ നാല് ജില്ലകള്‍ വരെയും ഓപ്പറേറ്റ് ചെയ്യുന്ന സമ്പ്രദായം നിലനിര്‍ത്തുമെന്നും സിഎംഡി അറിയിച്ചിരുന്നു. അടുത്ത ആഴ്ചയോടെ പൂര്‍ണതോതില്‍ സര്‍വീസ് ആരംഭിക്കാനുമെന്നാണായിരുന്നു കെഎസ്ആര്‍ടിസിയുടെ പ്രതീക്ഷ.