India Kerala

അടൂര്‍ ഗോപാലകൃഷ്ണന് പിന്തുണയുമായി സി.പി.എം

സംഘപരിവാര്‍ ഭീഷണി നേരിട്ട അടൂര്‍ ഗോപാലകൃഷ്ണന് പിന്തുണയുമായി സി.പി.എം. അടൂരിനെ പിന്തുണച്ച് സംസ്ഥാനമുടനീളം സാംസ്‌കാരിക കൂട്ടായ്മകള്‍ സംഘടിപ്പിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. അടൂരിനെതിരായ പ്രസ്താവനയില്‍ ബി.ജെ.പി നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

ജയ് ശ്രീറാം വിളി സഹിക്കാനാവുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെന്ന ബി.ജെ.പി വക്താവ് ബി ഗോപാലകൃഷ്ണന്‍ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന് വന്നതിന് പിന്നാലെയാണ് അടൂരിന് പിന്തുണയുമായി സി.പി.എം രംഗത്ത് വന്നത്. അടൂര്‍ ഗോപാലകൃഷ്ണനെ അന്യഗ്രഹത്തിലേക്ക് നാടുകടത്താനുള്ള സംഘപരിവാര്‍ പ്രഖ്യാപനം നാടിനെ അപമാനിക്കലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സംഘപരിവാറിന്റെ അക്രമണ രാഷ്ട്രീയത്തെ എതിര്‍ത്താല്‍ ഗൗരി ലങ്കേഷിന്റെ അനുഭവമുണ്ടാകുമെന്ന ഭീഷണിയാണ് ഉണ്ടായിരിക്കുന്നതെന്നും ഇത് അംഗീകരിക്കില്ലെന്നും കോടിയേരി പറഞ്ഞു. അടൂരിനെ പിന്തുണച്ച് സാംസ്‌കാരിക കൂട്ടായ്മകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. ബി.ജെ.പിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച് സാംസ്‌കാരിക മന്ത്രി എ.കെ ബാലനും രംഗത്ത് വന്നു. സംംഘപരിവാര്‍ ആശയം കേരളത്തില്‍ അടിച്ചേല്‍പ്പിക്കാമെന്ന ധാരണ നടക്കില്ലെന്നും എ.കെ ബാലന്‍ പറഞ്ഞു.