Kerala

സിപിഐഎം പയ്യന്നൂർ ഫണ്ട് തിരിമറി വിവാദം; ജില്ലാ നേതൃത്വം അംഗീകരിച്ച കണക്കുകൾ ഇന്ന് ലോക്കൽ കമ്മിറ്റികളിൽ അവതരിപ്പിക്കും

സിപിഐഎം പയ്യന്നൂർ ഫണ്ട് തിരിമറി വിവാദത്തിൽ ജില്ലാ നേതൃത്വം അംഗീകരിച്ച കണക്കുകൾ ഇന്ന് ലോക്കൽ കമ്മിറ്റികളിൽ അവതരിപ്പിക്കും. അതേസമയം രക്തസാക്ഷി, ധനരാജിൻ്റെ കടം പാർട്ടി അടച്ചു തീർത്തു. പയ്യന്നൂർ സഹകരണ ബാങ്കിലെ ബാധ്യതയായ 9.8 ലക്ഷം രൂപയാണ് സിപിഐഎം ഏരിയ കമ്മിറ്റിയുടെ അക്കൗണ്ടിൽ നിന്ന് നൽകിയത്.

3 ഫണ്ടുകളുടെ വിനിയോഗമാണ് പയ്യന്നൂരിലെ പാർട്ടിയെ പിടിച്ചുകുലുക്കിയ വിവാദമായി വളർന്നത്. ഇതിൽ ധനരാജ് രക്തസാക്ഷി ഫണ്ടിലെ 42 ലക്ഷം രൂപ തിരിമറി നടത്തിയെന്ന പരാതിയാണ് സിപിഐഎമിനെ ഏറെ പ്രതിരോധത്തിലാക്കിയത്. മുൻ ഏരിയ സെക്രട്ടറി വി കുഞ്ഞിക്കൃഷ്ണനാണ് ക്രമക്കേട് പരാതി നേതൃത്വത്തിന് മുന്നിലെത്തിച്ചത്. എന്നാൽ പാർട്ടിക്ക് ഒരു രൂപ പോലും നഷ്ടമായിട്ടില്ലെന്നായിരുന്നു ജില്ലാ നേതൃത്വത്തിൻ്റെ അവകാശ വാദം. പക്ഷേ ധനരാജിൻ്റെ പേരിൽ പയ്യന്നൂർ സഹകരണ ബാങ്കിൽ അവശേഷിച്ച കടബാധ്യത പാർട്ടി വീട്ടിയത് ഏരിയ കമ്മിറ്റിയുടെ അക്കൗണ്ടിൽ നിന്നാണ്. രക്തസാക്ഷി ഫണ്ടിലെ അവശേഷിച്ച തുകയെവിടെയെന്ന അണികളുടെ ചോദ്യത്തിന് ഇതുവരെ തൃപ്തികരമായ ഉത്തരമില്ല.

വീട് നിർമ്മാണം, കുടുംബാംഗങ്ങൾക്കുള്ള സഹായധന കൈമാറ്റം, റൂറൽ ബാങ്കിലെ കടബാധ്യത തീർക്കൽ എന്നിവ കഴിച്ചുള്ള തുക സംബന്ധിച്ചാണ് ആരോപണം. എന്നാൽ ജില്ലാ നേതൃത്വം അവതരിപ്പിച്ച കണക്കിൽ ഈ അക്കൗണ്ടിൽ ഇനി ബാക്കിയുള്ളത് 20,600 രൂപ മാത്രമാണ്. വിവാദങ്ങൾക്കിടെ ജില്ലാ കമ്മിറ്റി അംഗീകരിച്ച വരവ് ചെലവ് കണക്കുകൾ ഇന്ന് ലോക്കൽ കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്യും. കണക്കവതരണവും, നടക്കാനിരിക്കുന്ന രക്തസാക്ഷി ദിനാചരണത്തിനും മുന്നോടിയായാണ് വിവാദം തണുപ്പിക്കാനുള്ള പാർട്ടി നീക്കം.