Kerala

‘ഇല്ലാത്ത അധികാരങ്ങള്‍ എടുത്തണിഞ്ഞ് മേനി നടിക്കുന്നു’; ഗവര്‍ണര്‍ പരിഹാസ്യനാകുന്നുവെന്ന് സിപിഐ മുഖപത്രം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ നടത്തിയ വിവാദ പ്രസ്താവന ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം. ഗവര്‍ണറുടെ നിലപാടുകള്‍ താന്‍പ്രമാണിത്തത്തോടെയുള്ളതാണെന്ന് ജനയുഗം മുഖപ്രസംഗം വിമര്‍ശിക്കുന്നു. കേരള, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്കെതിരെ ഗവര്‍ണര്‍ നിഴല്‍യുദ്ധം നടത്തുകയാണ്. അന്ധമായ രാഷ്ട്രീയ മനസാണ് ഗവര്‍ണറുടേത്. നിഴലിനോട് യുദ്ധം ചെയ്ത് ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ പദവിയുടെ മഹത്വം കളഞ്ഞുകുളിക്കുന്നുവെന്നും സിപിഐ മുഖപത്രം വിമര്‍ശിക്കുന്നുണ്ട്.

ഗവര്‍ണറുടെ നിഴല്‍ യുദ്ധം എന്ന തലക്കെട്ടിലാണ് ജനയുഗത്തിന്റെ എഡിറ്റോറിയല്‍. ഓര്‍ഡിനന്‍സുകൡ ഒപ്പുവയ്ക്കാതെ ഗവര്‍ണര്‍ ഭരണ നടപടികളെ പ്രതിസന്ധിയിലാക്കുന്ന നിലപാട് സ്വീകരിച്ചതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ അടിയന്തരമായി സഭ വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ ഗവര്‍ണര്‍ സ്വയം പരിഹാസ്യനായെന്ന് സിപിഐ മുഖപത്രം വിമര്‍ശിച്ചു. ലോകായുക്ത ബില്ലിനെതിരെ സിപിഐ വിയോജിപ്പറിയിക്കുന്ന പശ്ചാത്തലത്തിലാണ് മുഖപ്രസംഗമെന്നത് ഏറെ ശ്രദ്ധേയമാണ്.