National

കർഷക പ്രതിഷേധം; ഡൽഹി അതിർത്തികളിൽ അതീവസുരക്ഷയുമായി പൊലീസ്

കർഷക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി അതിർത്തികളിൽ സുരക്ഷ വർധിപ്പിച്ചു. തിക്രി, സിംഘു, ഗാസിപ്പൂർ അതിർത്തികളിലാണ് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. ജന്തർ മന്തറിലെ കിസാൻ മോർച്ചയുടെ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ വരുന്നതിനിടെ രാകേഷ് ടിക്കായത്തിനെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഗാസിപൂർ അതിർത്തിയിൽ വച്ചാണ് ഡൽഹി പൊലീസ് അദ്ദേഹത്തെ പിടികൂടിയത്. 

കർഷക പ്രതിഷേധം നടക്കാൻ പോകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) നേതാവ് രാകേഷ് ടിക്കായത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഘര്‍ഷമൊഴിവാക്കാന്‍ മുന്‍കരുതലെന്ന നിലയിലാണ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തതെന്നാണ് ഡല്‍ഹി പൊലീസിന്റെ ഭാഷ്യം. ഇതിന് പിന്നാലെ കര്‍ഷകരുടെ ശബ്ദം അടിച്ചമര്‍ത്താന്‍ ഡല്‍ഹി പൊലീസിന് കഴിയില്ലെന്ന് രാകേഷ് ടിക്കായത്ത് ട്വീറ്റിലൂടെ വ്യക്തമാക്കി.

ഇന്ന് ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കാനാണ് കര്‍ഷകര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിൽ പങ്കെടുക്കാനായാണ് രാകേഷ് ടിക്കായത്ത് എത്തിയത്. ഡല്‍ഹി-ഹരിയാനയിലെ തിക്രി അതിര്‍ത്തിയില്‍ പൊലീസ് സിമന്റ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്.