സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. പാരിസ്ഥിതിക ആഘാതവും സാമൂഹിക ആഘാതവും സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ സംശയങ്ങള്‍ ബാക്കിയുണ്ടായി. ഈ വീഴ്ച കോണ്‍ഗ്രസും ബിജെപിയും രാഷ്ട്രീയമായി മുതലെടുത്തെന്നും സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറഞ്ഞു.
കെ റെയിലിന്റെ മഞ്ഞക്കുറ്റി കുഴിച്ചിടാന്‍ ഉദ്യോഗസ്ഥര്‍ കാണിച്ച അനാവശ്യ തിടുക്കം എരിതീയില്‍ എണ്ണ ഒഴിക്കുന്ന വിധത്തിലായിരുന്നു കാര്യങ്ങള്‍. ജനങ്ങളെ വിശ്വാസിലെടുക്കുന്ന കാഴ്ചപ്പാടിന് പകരം പദ്ധതി അടിച്ചേല്‍പ്പിക്കുന്ന വിധത്തിലേക്ക് ഭരണനേതൃത്വം സ്വീകരിച്ചെന്നും സിപിഐ കുറ്റപ്പെടുത്തി. സംഘടനാ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ ഇന്നും ചര്‍ച്ച തുടരും.
സിപിഐഎമ്മിനെതിരയെും രൂക്ഷമായ വിമര്‍ശനം സിപിഐ ഉയര്‍ത്തി. സിപിഐ മന്ത്രിമാരെ പോലും സിപിഐഎം ഹൈജാക്ക് ചെയ്യുന്ന വിധമാണ്. ഇടതുമുന്നണിയുടെ ഭാഗത്ത് നിന്ന് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുണ്ടാകണം. പക്ഷേ പല സമയത്തും സിപിഐഎം ഏകാധിപത്യ പ്രവണത കാണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വിമര്‍ശിച്ചു.