India Kerala

ഗാന്ധി ഘാതകരെ വാഴ്ത്തുന്നവര്‍ എം.പിമാരാകുന്നതാണ് ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്മവാർഷികത്തിലെ കാഴ്ച- അടൂർ ഗോപാലകൃഷ്ണൻ

ഗാന്ധി ഘാതകരെ വാഴ്ത്തുന്നവര്‍ എം.പിമാരാകുന്നതാണ് ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്മവാർഷികത്തിലെ കാഴ്ചയെന്ന് ചലച്ചിത്രകാരന്‍ അടൂർ ഗോപാലകൃഷ്ണൻ. രാജ്യത്ത് മതതീവ്രവാദത്തിന്‍റെ തുടക്കം ഗാന്ധിവധത്തോടെയാണെന്നും അടൂര്‍ പറഞ്ഞു. ഐ.പി.എച്ച് പുറത്തിറക്കിയ ഇസ്‌ലാമിക വിജ്ഞാനകോശത്തിന്‍റെ പതിമൂന്നാം വോള്യത്തിന്‍റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഗാന്ധി വധത്തെ അനുകരിച്ചവരും ഗോദ്സെയെ പുകഴ്ത്തിയവരും ജയിലിലടക്കപ്പെടുമെന്നാണ് നമ്മള്‍ കരുതിയത്. എന്നാല്‍ അവര്‍ ഇന്ന് പാര്‍ലമെന്‍റംഗങ്ങളാണ്. ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ തെറ്റിദ്ധരിക്കപ്പെട്ട ഇസ്‌ലാമിനെ മനസ്സിലാക്കാന്‍ ഉതകുന്നതാണ് വിജ്ഞാന കോശം.

സാമൂഹിക നിരീക്ഷകൻ ഡോ. പി.ജെ വിൻസെന്‍റ് വിജ്ഞാനകോശം പതിമൂന്നാം വോള്യത്തിന്‍റെ ആദ്യപ്രതി ഏറ്റുവാങ്ങി. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രഫ. വി. കാർത്തികേയൻ നായർ, പാളയം ഇമാം വി.പി ഷുഹൈബ് മൌലവി തുടങ്ങിയവര്‍ പങ്കെടുത്തു. ഇനി മൂന്ന് വോള്യം കൂടി പുറത്തിറക്കുമെന്ന് ഐ.പി.എച്ച് ഡയറക്ടർ ഡോ. കൂട്ടിൽ മുഹമ്മദലി അറിയിച്ചു