Kerala

കൊവിഡ് വാക്സിൻ സ്റ്റോക്ക് രണ്ട് ദിവസത്തിൽ തീരും: മുഖ്യമന്ത്രി

സംസ്ഥാനത്തെ കൊവിഡ് വാക്സിൻ സ്റ്റോക്ക് രണ്ട് ദിവസത്തിനുള്ളിൽ തീരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 50 ലക്ഷം വാക്സീൻ ഡോസ് ന്യായമായ ആവശ്യം. അത് എത്രയും വേഗം ലഭ്യമാക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ.

“സംസ്ഥാനത്തെ വാക്സിൻ ഡോസ് രണ്ട് ദിവസത്തിൽ തീരും. 50 ലക്ഷം ഡോസ് ന്യായമായ ആവശ്യമാണ്. അത് എത്രയും വേഗം ലഭ്യമാക്കണം. സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ ലഭ്യമാക്കി ദേശീയ തലത്തിൽ പ്രതിരോധം വികസിപ്പിക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. 400 രൂപയ്ക്ക് വാക്സിൻ വാങ്ങാൻ 1300 കോടി രൂപ ചെലവാകും. ഇത് സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കും. ഇപ്പോൾ തന്നെ അടിയന്തിര ചികിത്സ ലഭ്യമാക്കി ജീവൻ രക്ഷിക്കാൻ സംസ്ഥാനത്തിന് വലിയ തോതിൽ പണം ചെലവാക്കേണ്ടി വരുന്നുണ്ട്.”- മുഖ്യമന്ത്രി പറഞ്ഞു.

മെയ് ഒന്ന് മുതൽ 18 ന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സിൻ നൽകാനുള്ള കേന്ദ്ര തീരുമാനം സ്വാഗതം ചെയ്യുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. ഘട്ടംഘട്ടമായി വാക്സിൻ നൽകാനുള്ള പദ്ധതി ആലോചിക്കും. വിവിധ പ്രായക്കാർക്ക് വിവിധ സമയം അനുവദിക്കും. മറ്റ് രോഗങ്ങളുള്ളവർക്ക് പ്രായഭേദമന്യേ മുൻഗണന നൽകും. ഇതിനോടകം 55.09 ലക്ഷം പേർക്ക് ആദ്യ ഡോസ് നൽകി. 8.3 ലക്ഷം പേർക്ക് രണ്ടാം ഡോസും നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.